കോഴിക്കോട്: നേന്ത്രക്കായയുടെ വില അടിക്കടി ഇടിഞ്ഞുകൊണ്ടിരിക്കെ വറുത്തകായക്ക് മാര്‍ക്കറ്റില്‍ പൊള്ളുന്ന വില. സമീപദിവസങ്ങളില്‍ നേന്ത്രക്കായയുടെ വില കിലോക്ക് പകുതികണ്ട് കുറഞ്ഞിട്ടും ഓണത്തിനുമുമ്പ് ഇനിയും വറുത്തകായവില വര്‍ധിപ്പിക്കാനാണ് നീക്കം. സംസ്ഥാനത്ത് പലയിടങ്ങളിലും നേന്ത്രക്കായ കിലോക്ക് 18 രൂപ തോതിലാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.
എന്നാല്‍, ഒരുകിലോ വറുത്തകായക്ക് 360 മുതല്‍ 380 രൂപവരെ ഈടാക്കുന്നു. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ വിലവര്‍ധിപ്പിച്ചത് നേന്ത്രക്കായക്ക് 50 രൂപവരെ വില ഉയര്‍ന്ന സാഹചര്യത്തിലാണ്. ശുദ്ധമായ വെളിച്ചെണ്ണയില്‍ നാടന്‍ നേന്ത്രക്കായ ഉപയോഗിച്ചുണ്ടാക്കുന്ന വറുത്തകായക്കാണ് ഉയര്‍ന്നവില ഈടാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഗ്രാമീണമേഖലയില്‍ 220 മുതല്‍ 280 രൂപക്ക് വറുത്തകായ ലഭിക്കുന്നുണ്ട്. നഗരത്തിലാണ് ഓണക്കാലമടുത്തതോടെ പെള്ളുന്നവില ഈടാക്കുന്നത്.
കോഴിക്കോട് നഗരത്തില്‍ നേന്ത്രക്കായ കിലോ 40 രൂപക്കാണ് കടകളില്‍ വില്‍ക്കുന്നത്. കര്‍ഷകരില്‍നിന്ന് നേരിട്ടെടുത്താല്‍ ഇതിന്‍െറ പകുതിവിലക്ക് ലഭിക്കും. ഈ സാഹചര്യത്തിലാണ് നഗരത്തില്‍ വറുത്തകായക്ക് തീവില ഈടാക്കുന്നത്. കഴിഞ്ഞദിവസംവരെ നഗരത്തില്‍ വറുത്തകായ കിലോക്ക് 280 മുതല്‍ 340 രൂപവരെയാണ് ഈടാക്കിയത്. ആവശ്യക്കാരേറിയപ്പോള്‍ വിലയുടെ കുതിപ്പ് ശരവേഗത്തിലായി. വെളിച്ചെണ്ണവില കാര്യമായി ഉയര്‍ന്നിട്ടില്ല. എന്നാല്‍, വെളിച്ചെണ്ണയുടെയും മഞ്ഞള്‍പൊടിയുടെയും ഇന്ധനത്തിന്‍െറയും ഇടക്കാല വര്‍ധനവാണ് വറുത്തകായക്ക് വിലവര്‍ധിക്കാന്‍ കാരണമെന്നാണ് നിര്‍മാതാക്കളുടെയും ബേക്കറി ഉടമകളുടെയും ന്യായീകരണം.
പക്ഷേ, കര്‍ഷകന്‍െറ അധ്വാനത്തിന്‍െറ വില ശ്രദ്ധിക്കാതെപോകുന്നു. ഓണമടുക്കുന്നതോടെ 10 ശതമാനത്തിലേറെ വില വര്‍ധിക്കുമെന്ന് ബേക്കറി ഉടമകള്‍ പയുന്നു. എല്ലാവര്‍ഷവും ഇതിനായി ഓരോ ന്യായങ്ങള്‍ നിരത്താറുണ്ട്. നേന്ത്രക്കായയുടെ വില കുറഞ്ഞത് കര്‍ഷകരെ ബാധിക്കുന്നു. കടമെടുത്ത് കൃഷി ചെയ്യുന്നവരാണ് ഏറിയ കര്‍ഷകരും. അവര്‍ക്ക് അര്‍ഹമായ ഫലം ലഭിക്കാത്തത് കടക്കെണിക്കും ആത്മഹത്യക്കും വഴിയൊരുക്കുന്നു. ബേക്കറി ഉടമകളുടെ കൊള്ളയടി തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരിടപെടലും ഉണ്ടാവാത്തതും ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.