ഉത്സവകാലം; വ്യാജമദ്യ-സ്പിരിറ്റ് കടത്ത് സജീവം

കണ്ണൂര്‍: ഉത്സവകാലം അടുത്തതോടെ സംസ്ഥാനത്തേക്കുള്ള വ്യാജമദ്യ-സ്പിരിറ്റ് കടത്ത് സജീവമായി. കാസര്‍കോട്,  കണ്ണൂര്‍, വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ അതിര്‍ത്തികള്‍ വഴിയാണ് ഇപ്പോള്‍ മദ്യക്കടത്ത് നടക്കുന്നത്. അതിര്‍ത്തി കടന്നത്തെിയ പതിനായിരക്കണക്കിന് ലിറ്റര്‍ മദ്യമാണ്് സമീപകാലത്ത് പിടികൂടിയത്.

കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍നിന്ന് ഹൈവേ വഴിയും പള്ളൂര്‍, പന്തക്കല്‍, പാറാല്‍ വഴി കൂത്തുപറമ്പ് ഭാഗത്തേക്കും വന്‍ തോതില്‍ മദ്യം കടത്തുന്നുണ്ട്. ട്രെയിന്‍ വഴിയും മാഹിയില്‍ നിന്ന് മദ്യക്കടത്ത് വ്യാപകമാണ്. രഹസ്യവിവരം ലഭിക്കുന്ന കേസുകളില്‍ മാത്രമാണ് പലപ്പോഴും ട്രെയിനുകളില്‍ പരിശോധന നടക്കുന്നത്. അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്ന ജില്ലകളില്‍ മദ്യക്കടത്തിന് പ്രത്യേക വൈഭവമുള്ളവരെയാണ് വ്യാജമദ്യ-സ്പിരിറ്റ് കടത്ത് ലോബി നിയോഗിച്ചിരിക്കുന്നത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യക്കടത്തും വിപണനവും തടയാനുള്ള സര്‍ക്കാര്‍ നിര്‍ദേശം ഇക്കുറി പ്രഹസനമാകുമെന്നാണ് റിപ്പോര്‍ട്ട്. ഉത്സവകാലം മുന്നില്‍ക്കണ്ട് സംസ്ഥാനത്തേക്ക് വന്‍തോതില്‍ വ്യാജമദ്യവും സ്പിരിറ്റും ഒഴുക്കുന്നതായി എക്സൈസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ വെളിച്ചത്തില്‍ എക്സൈസ്, പൊലീസ്, വനം വകുപ്പുകള്‍ സംയുക്ത റെയ്ഡും അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയും  നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആവശ്യത്തിന് ജീവനക്കാരും ഉദ്യോഗസ്ഥരും ഇല്ലാതെ എക്സൈസ് വകുപ്പ് വലയുമ്പോള്‍ പുതിയ നിര്‍ദേശം എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. ആഗസ്റ്റ് അഞ്ചുമുതല്‍ സെപ്റ്റംബര്‍ നാലുവരെ 30 ദിവസം കര്‍ശന പരിശോധന നടത്തണമെന്ന് ഉത്തരവുണ്ട്.

ജീവനക്കാര്‍ കുറവുള്ള സാഹചര്യത്തില്‍ പുതിയ ഉത്തരവ് എങ്ങനെ കാര്യക്ഷമമായി നടപ്പാക്കുമെന്നത് ആശങ്കയുളവാക്കുന്നു. എക്സൈസ് വകുപ്പില്‍ പ്രിവന്‍റിവ് ഓഫിസര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നാല്‍പതിനടുത്ത് പ്രിവന്‍റിവ് ഓഫിസര്‍മാരുടെ ഒഴിവുണ്ട്. സിവില്‍ എക്സൈസ് ഓഫിസര്‍മാരുടെ തസ്തികകളും നികത്തിയില്ല. ടെലിഫോണ്‍ സൗകര്യം പോലുമില്ലാതെയാണ് സംസ്ഥാനത്തെ ബഹുഭൂരിഭാഗം അതിര്‍ത്തികളിലും എക്സൈസ് ചെക്പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യാജരേഖ ഉപയോഗിച്ച് സ്പിരിറ്റ് കടത്തുന്ന വാഹനങ്ങള്‍ വരുന്ന വിവരം മുന്‍കൂട്ടി അറിയാന്‍പോലും എക്സൈസ് അധികൃതര്‍ക്കാവുന്നില്ല. സംസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള ബാറുകള്‍ പൂട്ടിയത് വിരുദ്ധഫലമുണ്ടാക്കുമെന്ന് വ്യാപകമായി പ്രചരിപ്പിക്കാനും ഇതിന്‍െറ മറവില്‍ ശ്രമം നടക്കുന്നുണ്ട്.

കര്‍ണാടക, ഗോവ, മാഹി എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് വ്യാപകമായി മദ്യം കടത്തുന്നതായി എക്സൈസ് മന്ത്രി കെ.ബാബു നിയമസഭയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മദ്യം എത്തിക്കുന്നത് തടയാന്‍ ചെക്പോസ്റ്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനുശേഷം അന്യസംസ്ഥാനത്ത് നിന്നുള്ള മദ്യത്തിന്‍െറ ഒഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും ഓണം അടുത്തതോടെ വ്യാജമദ്യ-സ്പിരിറ്റ് കടത്ത് ലോബി വീണ്ടും സജീവമായി.

തമിഴ്നാട്ടിലും കര്‍ണാടകയിലും മദ്യത്തിന് നികുതി കുറവായതിനാല്‍ വില താരതമ്യേന കുറവാണ്. കേരളത്തില്‍ എല്ലാ മാസവും ഒന്നിന് റീട്ടെയില്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാറില്ളെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ ഇത് ബാധകമല്ല. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ നികുതിയിളവുമൂലം മദ്യം വളരെ കുറഞ്ഞ വിലക്ക് ലഭിക്കും. മദ്യം സുലഭമായ ഗോവയിലാകട്ടെ ഇവ കടത്തുന്നത് തടയാന്‍ കാര്യമായ പരിശോധനകളുമില്ല. ഇതിന് പുറമെ  സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളും മലനിരകളും കേന്ദ്രീകരിച്ച്  വ്യാപകമായി കള്ളവാറ്റും നടക്കുന്നുണ്ട്. 4300 കള്ളുഷാപ്പുകളുള്ള കേരളത്തില്‍  വ്യാജകള്ള് വിപണനം നടത്തുന്ന ലോബിയും ശക്തമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.