ഉതുപ്പിന്‍െറ സമ്പാദ്യം ഏറെയും ബിനാമി പേരുകളില്‍

കോട്ടയം: കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്ത് 300 കോടി രൂപ തട്ടിയെടുത്ത കേസില്‍ അബൂദബിയില്‍ പിടിയിലായ കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസിന്‍െറ സമ്പാദ്യമേറെയും ബിനാമി പേരുകളില്‍. സി.ബി.ഐ ഇതുവരെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി ഉതുപ്പ് വര്‍ഗീസ് ബിനാമി പേരില്‍ കോടികളുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടത്തെി. ബംഗലൂരുവില്‍ മാത്രം 100 കോടിക്ക് മേല്‍ സ്വത്ത് സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും പേരില്‍ വാങ്ങിയതായും കണ്ടത്തെിയിട്ടുണ്ട്. വന്‍കിട കെട്ടിടങ്ങള്‍ക്ക് പുറമെ കോടികള്‍ വിലമതിക്കുന്ന ഫ്ളാറ്റുകളും ഇയാളുടേതായി ബംഗലൂരുവിലുണ്ട്. കോട്ടയത്ത് കോടികള്‍ വിലമതിക്കുന്ന മൂന്നു ഫ്ളാറ്റുകള്‍ ഉതുപ്പ് വര്‍ഗീസിന്‍െറ പേരിലുണ്ടെന്നാണ് സൂചന.

പുറമെ നഗരത്തില്‍ 14 സെന്‍റ് സ്ഥലവും പടുകൂറ്റന്‍ വീടും പുതുപ്പള്ളിയില്‍ അഞ്ചേക്കര്‍ റബര്‍ തോട്ടവും കോട്ടയത്തിന് സമീപം തിരുവഞ്ചൂരില്‍ എട്ടേക്കര്‍ എസ്റ്റേറ്റും ഇയാളുടെ പേരിലുള്ളതായി അന്വേഷണ സംഘം അറിയിച്ചു. കേരളത്തിന് പുറത്തുള്ള സ്വത്തുക്കള്‍ കണ്ടത്തൊന്‍ കേരളത്തില്‍ എത്തിച്ച ശേഷം നടക്കുന്ന ചോദ്യംചെയ്യലിന് ശേഷമേ വ്യക്തമാകൂയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. ഉന്നത രാഷ്ട്രീയ നേതാക്കളുമായി ഇയാള്‍ക്കുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുക.

കോട്ടയത്ത് എല്‍.ഐ.സി ഏജന്‍റായി ജീവിതം ആരംഭിച്ച ഉതുപ്പ് വര്‍ഗീസിന്‍െറ സാമ്പത്തിക വളര്‍ച്ച അസാധാരണമായ രീതിയിലായിരുന്നു. ഇദ്ദേഹത്തിന്‍െറ ഭാര്യ സൂസന്‍ തോമസ് ദുബൈയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സായിരുന്നു. സമ്പാദ്യം മുഴുവന്‍ ഇവരുടെ വരുമാനമെന്ന രീതിയില്‍ ചിത്രീകരിച്ച് നിരവധി വ്യാജരേഖകളും ഇയാള്‍ തയാറാക്കിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.