ബാര്‍ കോഴകേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ഹരജി

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയും ആം ആദ്മി പാര്‍ട്ടിയും വിജിലന്‍സ് പ്രത്യേക കോടതിയെ സമീപിച്ചു. ഇടതുമുണിക്ക് വേണ്ടി കണ്‍വീനര്‍ വൈക്കം വിശ്വനും ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി സാറാ ജോസഫുമാണ് ഹരജികള്‍ സമര്‍പ്പിച്ചത്. തുടരന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, അഡ്വ. സണ്ണി മാത്യു, അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് എന്നിവരും  ഹരജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സി.പി.ഐ നേതാവ് വി.എസ്. സുനില്‍കുമാറും ഹരജി സമര്‍പ്പിക്കുമെന്നാണ് സൂചന.

കേസില്‍ കക്ഷികള്‍ അല്ലാത്തവരുടെ ഹരജികള്‍ പരിഗണിക്കരുതെന്ന വിജിലന്‍സ് ലീഗല്‍ അഡൈ്വസറുടെ വാദം ജഡ്ജി ജോ കെ. ഇല്ലിക്കാടന്‍ തള്ളി. ഇതു സംബന്ധിച്ച് നിരവധി സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കെ. ബാബുവിനെ കുറ്റമുക്തനാക്കിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന സാറാ ജോസഫിന്‍െറ അഭിഭാഷകന്‍ അജിത് ജോയിയുടെ ആവശ്യം കോടതി നിരാകരിച്ചു.

ആവശ്യമെങ്കില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പിന് അപേക്ഷ സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോടതി നോട്ടീസ് നല്‍കിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ബിജു രമേശിനും വേണ്ടി അഭിഭാഷകര്‍ ഹാജരായി. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ രേഖകളുടെ പകര്‍പ്പ് ലഭിക്കാത്തതിനാല്‍ തര്‍ക്കം ബോധിപ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ്  ഈ മാസം 22ലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.