കോഴിക്കോട്: ‘എടോ, പോടോ’ വിളിയെച്ചൊല്ലി പൊലീസ് സേനയിലെ നവ എസ്.ഐമാരും പ്രമോട്ടഡ് എസ്.ഐമാരും തമ്മില്‍ ആഭ്യന്തരകലഹം. പരിശീലനം കഴിഞ്ഞ് അടുത്തിടെ സ്റ്റേഷനുകളില്‍ പ്രിന്‍സിപ്പല്‍ എസ്.ഐമാരായി ചുമതലയേറ്റവരില്‍ ഒരുവിഭാഗം, പ്രായമുള്ള എസ്.ഐമാരെ പേരുചൊല്ലിയും ചിലപ്പോള്‍ എടോ, പോടോ എന്നും വിളിക്കുന്നെന്നാണ് ആക്ഷേപം.
സഹികെട്ട ചില മുതിര്‍ന്ന എസ്.ഐമാര്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് കൊമ്പുകോര്‍ക്കല്‍ മറനീക്കിയത്. ഉത്തരമേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി പങ്കെടുത്ത പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി ജില്ലാ സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ എസ്.ഐ പി. ഷാഹുല്‍ ഹമീദ് നവ എസ്.ഐമാര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.
സേനയില്‍ 30ഉം അതിലധികവും വര്‍ഷം സര്‍വിസുള്ള പ്രമോട്ടഡ് എസ്.ഐ മാര്‍ക്കായിരുന്നു കഴിഞ്ഞദിവസംവരെ ഭൂരിഭാഗം സ്റ്റേഷനുകളുടെയും ചുമതല. പുതിയ എസ്.ഐമാരുടെ ബാച്ച് പുറത്തിറങ്ങിയതോടെ ഗ്രാമീണമേഖലയിലടക്കം സ്റ്റേഷനുകളില്‍ അവരെ പ്രിന്‍സിപ്പല്‍ എസ്.ഐമാരായി നിയമിച്ചു. സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ പ്രത്യേക ബാഡ്ജ് ധരിച്ച് പ്രിന്‍സിപ്പല്‍ എസ്.ഐമാരായി സ്റ്റേഷന്‍ ഭരിച്ചിരുന്ന ഇവര്‍ അഡീഷനല്‍ എസ്.ഐമാരായി തരംതാഴ്ത്തപ്പെട്ടു.
ഈ അവഗണന സഹിച്ച് ജോലി ചെയ്യുന്നവരെ, മക്കളുടെ പ്രായമുള്ള നവ എസ്.ഐമാര്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ചുപോലും പേര് വിളിക്കുന്നെന്നും ചിലര്‍ ‘എടോ, പോടോ’ വിളി പ്രയോഗിക്കുന്നെന്നുമാണ് പരാതി. തങ്ങളെ മിസ്റ്റര്‍ ചേര്‍ത്തെങ്കിലും വിളിക്കാന്‍ നവ എസ്.ഐമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് സീനിയര്‍ എസ്.ഐമാരുടെ ആവശ്യം.
മേലുദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറുന്നുവൊ അതേരീതിയിലെ തങ്ങള്‍ക്ക് കീഴുദ്യോഗസ്ഥരോട് പെരുമാറാന്‍ കഴിയൂവെന്നും രാജാക്കന്മാരെപോലെ പെരുമാറുന്ന ന്യൂജനറേഷന്‍ എസ്.ഐമാരെ ഉയര്‍ന്ന ഓഫിസര്‍മാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നും സിറ്റി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന എസ്.ഐമാര്‍ ആവശ്യപ്പെട്ടു.
പെറ്റി കേസുകളുടെ എണ്ണം തികക്കാന്‍ പൊലീസുകാരെ നിര്‍ബന്ധിക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കണം. 40 പെറ്റി കേസുകള്‍ വീതം ഓരോരുത്തര്‍ക്കും നല്‍കുന്നു. 30 കേസ് പിടികൂടിവരുന്നവരോട് 40 തികച്ചശേഷം സ്റ്റേഷനില്‍ കയറിയാല്‍ മതിയെന്ന് നവ എസ്.ഐമാര്‍ തീട്ടൂരമിറക്കുന്നു. കേസുകള്‍ കൈകാര്യംചെയ്തും ക്രിമിനല്‍ നടപടിച്ചട്ടം-ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയില്‍ കാര്യമായി പ്രാവീണ്യമില്ലാത്ത നവ എസ്.ഐമാര്‍ക്ക് പകരം, ഇവയില്‍ കഴിവുതെളിയിച്ച പ്രമോട്ടഡ് വിഭാഗത്തിന് സ്റ്റേഷന്‍ ചുമതല നല്‍കണമെന്നും അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
ഉദ്ഘാടനപ്രസംഗത്തില്‍ എ.ഡി.ജി.പി പ്രമോട്ടഡ് എസ്.ഐമാരെ പുകഴ്ത്തി സംസാരിച്ചതിനും സമ്മേളനം വേദിയായി. സ്റ്റേഷന്‍ ഹൗസ് ഓഫിസറായ പ്രിന്‍സിപ്പല്‍ എസ്.ഐമാര്‍ കീഴുദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാകണമെന്നും മാന്യമായി പെരുമാറണമെന്നും എ.ഡി.ജി.പി പ്രസംഗത്തില്‍ നിര്‍ദേശിച്ചു.
എസ്.ഐ അവധിയാണെങ്കില്‍ റൈറ്റര്‍ക്ക് സ്റ്റേഷന്‍ചുമതല കൈമാറണമെന്നും റൈറ്ററുടെ പേര് സ്റ്റേഷന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എന്നാക്കി മാറ്റേണ്ടകാലം അതിക്രമിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.