ആ ഹൃദയതാളത്തില്‍ ആച്ചാടന്‍ മാത്യു ജീവിത തീരത്തേക്ക്

കൊച്ചി: കടമ്പകള്‍ കടന്ന്, ആ ഹൃദയതാളത്തില്‍ ആച്ചാടന്‍ മാത്യു ജീവിത തീരത്തേക്ക്. ചരിത്രം കുറിച്ച് കൊച്ചിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ചാലക്കുടി സ്വദേശി ആച്ചാടന്‍ മാത്യുവിനെയാണ് ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റിയത്. മാത്യുവിനെ വെള്ളിയാഴ്ച വാര്‍ഡില്‍ ഇടനാഴിയിലൂടെ നടക്കാന്‍ അനുവദിക്കും. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞപ്പോള്‍ അവിടെ ഏതാനും ചുവട് നടക്കുന്നതിന് ഡോക്ടര്‍മാര്‍ അനുവദിച്ചിരുന്നു.

ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള നിര്‍ണായക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ മാത്യുവിന്‍െറ ആരോഗ്യ നിലയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചത്. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയാണ് വ്യാഴാഴ്ച മുറിയിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. മാറ്റിവെച്ച ഹൃദയം മാത്യുവിന്‍െറ ശരീരത്തിന്‍െറ പ്രതികരണമറിയാനുള്ള നിര്‍ണായക പരിശോധനഫലം ചൊവ്വാഴ്ച ലഭിച്ചിരുന്നു. ഇത് കൂടി തൃപ്തികരമാണെന്ന് ഉറപ്പിച്ചതോടെയാണ് മുറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മുറിയില്‍ മാത്യുവിന്‍െറ ഭാര്യ ബിന്ദുവിന് മാത്രമായി സന്ദര്‍ശനാനുമതി നിയന്ത്രിച്ചിട്ടുണ്ട്. ഒരു ഡ്യൂട്ടി നഴ്സ് പൂര്‍ണസമയവും മുറിയിലുണ്ടാകും.

രണ്ടാഴ്ചകൂടി ആശുപത്രിയില്‍ കഴിഞ്ഞശേഷം തൃപ്തികരമാണെങ്കില്‍ മാത്യുവിനെ വീട്ടിലേക്ക് മാറ്റുന്ന കാര്യവും പരിഗണയിലുണ്ട്. പക്ഷേ, സന്ദര്‍ശകരുടെ കാര്യത്തിലടക്കം കര്‍ശന നിയന്ത്രണങ്ങള്‍ വേണ്ടിവരും. മസ്തിഷ്ക മരണം സംഭവിച്ച പാറശാല ലളിതയില്‍ അഡ്വ. നീലകണ്ഠ ശര്‍മയുടെ ഹൃദയമാണ് കഴിഞ്ഞ 24ന് മാത്യു ആച്ചാടന് മാറ്റി വെച്ചത്. തിരുവനന്തപുരത്തുനിന്ന് നാവികസേനയുടെ വിമാനത്തില്‍ ഒരുമണിക്കൂര്‍ 17 മിനിറ്റുകൊണ്ട് കൊച്ചിയില്‍ എത്തിച്ച ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.