നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന്‌ എസ്.വൈ.എസ് നേതാവ്

കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് വിവാദം പുകയവെ വിളക്ക് കൊളുത്തുന്നതിനെ അനുകൂലിച്ച് എസ്.വൈ.എസ് (സുന്നി ഇ.കെ വിഭാഗം) വൈസ് പ്രസിഡന്‍റിന്‍െറ ഫേസ്ബുക്ക് പോസ്റ്റ്. നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് മറ്റൊരു വിഭാഗത്തിന്‍െറ ആചാരം സ്വീകരിക്കലാണെന്നും ഇസ്ലാമില്‍ അത് അനുവദനീയമല്ളെന്നമുള്ള സമസ്തയുടെ ഒൗദ്യോഗിക നിലപാടില്‍ നിന്ന് ഭിന്നമാണ് എം.പി മുസ്തഫല്‍ ഫൈസിയുടെ അഭിപ്രായം.
ബട്ടണമര്‍ത്തിയോ നാടമുറിച്ചോ ഒരു നല്ല കാര്യം തുടങ്ങുന്നതിന് പകരം നിലവിളക്ക് കത്തിക്കുന്നതില്‍ തെറ്റില്ളെന്ന് മുസ്തഫല്‍ ഫൈസിയുടെ പേരിലുള്ള പോസ്റ്റില്‍ പറയുന്നു. എന്നാല്‍, നിലവിളക്കോ മറ്റോ ആകട്ടെ ഇതര മതങ്ങളെയോ സംസ്കാരങ്ങളേയോ ബഹുമാനിച്ചോ അനുകരിച്ചോ അവയോട് തുല്യഭാവം വിചാരിച്ചോ കത്തിക്കുന്നതും കത്തുന്ന വെളിച്ചത്തിലും തീയിലും അനുഗ്രഹം ആഗ്രഹിക്കുന്നതും ഇസ്ലാമികമായി തെറ്റാണെന്നും പോസ്റ്റ് പറയുന്നു.
കഅ്ബയുടെ പാര്‍ശ്വഭിത്തിയിലുള്ള ഹജറുല്‍ അസ്വദ് എന്ന കല്ല് ചുംബിക്കുന്നത് ശിലാരാധനയായി മറ്റുള്ളവര്‍ക്ക് തോന്നാം. എന്നാല്‍, മുസ്ലിംകള്‍ക്ക് അത് അങ്ങനെ തോന്നില്ല. നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവാചാരമായി മുസ്ലിംകള്‍ക്ക് തോന്നാത്തതും അതുപോലെയാണ്. മുസ്ലിം പള്ളി, ജാറങ്ങള്‍ തുടങ്ങിയ പുണ്യ സ്ഥലങ്ങളില്‍ നിലവിളക്ക് കത്തിക്കുന്നതും ഹൈന്ദവാചാരമായി മുസ്ലിംകള്‍ കാണുന്നില്ല. അശോക ചക്രവര്‍ത്തി ബുദ്ധ ചിഹ്നമായി നിര്‍മിച്ചതാണ് അശോക ചക്രം. 23നൂറ്റാണ്ടുകള്‍ക്കുശേഷം ഇന്ത്യന്‍ ദേശീയ ചിഹ്നമായി ഈ ചക്രം മാറിയപ്പോള്‍ ഹിന്ദുക്കളും മുസ്ലിംകളും അത് അംഗീകരിച്ചു. ചിലര്‍ പശുവിനെ ദൈവമായി വിശ്വസിച്ച് വളര്‍ത്തുന്നത് കൊണ്ട് പശുവളര്‍ത്തല്‍ മുസ്ലിംകള്‍ക്ക് ഹറാമാണെന്ന് അര്‍ഥമില്ല. ഏക ദൈവത്വവും ബഹുദൈവാരാധനയും തിരിച്ചറിയാത്തവരാണ് ഇതെല്ലാം തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും മുസ്തഫല്‍ ഫെസി പറഞ്ഞു.
ഭാരതം പോലെ വിവിധ മതങ്ങളും സംസ്കാരങ്ങളുമുള്ള രാജ്യത്ത് താമസിക്കുന്നവര്‍ സൗഹാര്‍ദം കാത്തുസൂക്ഷിക്കണം ഇതിന്‍റെ ഭാഗമായി അറിഞ്ഞോ അറിയാതെയോ ചില പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളുമുണ്ടാകും. മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ സംബന്ധിക്കുക, പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുക, പായസങ്ങളും മറ്റും കഴിക്കുക തുടങ്ങിയവയെല്ലാം മേല്‍പറഞ്ഞതിന്‍റെ ഭാഗമാണ്. ഇങ്ങനെ പങ്കെടുക്കുന്നതിനു മുസ്ലിംകള്‍ക്ക് ചില മാനദണ്ഡങ്ങളുണ്ട്. അവ പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ചതാണ്. വിവാദങ്ങളില്‍ പണ്ഡിതന്‍മാരും നേതാക്കളും ചാടിവീഴരുതെന്നും പിന്നിലുള്ളവര്‍ക്ക് രക്ഷിക്കാനാവില്ളെന്നുമുള്ള മുന്നറിയിപ്പോടെയാണ് ഫൈസി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

നിലവിളക്കില്‍ നില തെറ്റരുത്‌- എം.പി മുസ്‌തഫല്‍ ഫൈസികാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. സര്‍വ്വ സ്‌തു...

Posted by M.P Musthafal FAIZY on Monday, August 3, 2015

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.