കൊച്ചി: കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകള്‍ വിഭജിച്ച് മുനിസിപ്പാലിറ്റികള്‍ രൂപവതക്രിക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. അതേസമയം, പഞ്ചായത്തുകളെ ലയിപ്പിച്ച് പുതിയ മുനിസിപ്പാലിറ്റികള്‍ രൂപവവത്കരിക്കാനുള്ള തീരുമാനം ശരിവെച്ചു. കോഴിക്കോട് കോര്‍പറേഷന്‍െറ ഭാഗമായിരുന്ന പ്രദേശങ്ങള്‍ വിഭജിച്ച് ബേപ്പൂര്‍, എലത്തൂര്‍, ചെറുവണ്ണൂര്‍-നല്ലളം മുനിസിപ്പാലിറ്റികളും തിരുവനന്തപുരം കോര്‍പറേഷന്‍ വിഭജിച്ച് കഴക്കൂട്ടം മുനിസിപ്പാലിറ്റിയും രൂപവത്കരിക്കാനുള്ള വിജ്ഞാപനമാണ് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള റദ്ദാക്കിയത്.
ചെറിയ നഗരമേഖലകളെ വലിയ നഗരപ്രദേശമായി രൂപാന്തരപ്പെടുത്തിയ ശേഷം വീണ്ടും തരംതാഴ്ത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. അതേസമയം, വിവിധ പഞ്ചായത്തുകളെ കൂട്ടിച്ചേര്‍ത്ത് മുനിസിപ്പാലിറ്റികളാക്കാനുള്ള തീരുമാനം ഭരണഘടനാപരമായതിനാല്‍ ഇടപെടാനാവില്ളെന്ന് വ്യക്തമാക്കിയ കോടതി സര്‍ക്കാര്‍ നടപടി ശരിവെച്ചു. കോര്‍പറേഷന്‍ വിഭജിച്ച് മുനിസിപ്പാലിറ്റികളാക്കാനുള്ള തീരുമാനം ചോദ്യംചെയ്ത് മുന്‍ കോഴിക്കോട് മേയര്‍ ടി.പി. ദാസന്‍, തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ.് പത്മകുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് ഹരജി നല്‍കിയത്. വിവിധ പഞ്ചായത്തുകളെ കൂട്ടിച്ചേര്‍ത്ത് മുനിസിപ്പാലിറ്റികളാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ തള്ളിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കോടതി ശരിവെച്ചത്.
തളിപ്പറമ്പ് മുനിസിപ്പാലിറ്റി വിഭജിച്ച് തളിപ്പറമ്പ്, ആന്തൂര്‍ മുനിസിപ്പാലിറ്റിയാക്കാനുള്ള തീരുമാനം ഹൈകോടതി ശരിവെച്ചു. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിക്ക് സമാനമായ സാഹചര്യമുള്ള തളിപ്പറമ്പ് മുനിസിപ്പാലിറ്റിയെ വിഭജിക്കുന്നത് നിയമപരമല്ളെന്ന വാദം കോടതി തള്ളി. മുനിസിപ്പാലിറ്റികളെ വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനാവില്ളെന്ന് കോടതി വ്യക്തമാക്കി. പടന്ന ഗ്രാമപഞ്ചായത്തിനെ ലയിപ്പിച്ച് നീലേശ്വരം മുനിസിപ്പാലിറ്റി രൂപവത്കരിക്കുന്നതും മുക്കം, കൊടുവള്ളി, മാനന്തവാടി പഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കുന്നതും പയ്യമ്പള്ളി ഗ്രാമപഞ്ചായത്തിനെ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ ലയിപ്പിക്കുന്നതും കോടതി ശരിവെച്ചു.
കൊല്ലം കോര്‍പറേഷനോട് തൃക്കടവൂര്‍ പഞ്ചായത്തിലെ ചില വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കല്‍, കണ്ണൂര്‍ കോര്‍പറേഷനിലേക്ക് വിവിധ പഞ്ചായത്തുകളെ ലയിപ്പിക്കല്‍, പാനൂര്‍, കരിയാട്, പെരിങ്ങളം പഞ്ചായത്തുകളെ ലയിപ്പിച്ച് പാനൂര്‍ മുനിസിപ്പാലിറ്റിയാക്കല്‍ തുടങ്ങിയവക്കുള്ള വിജ്ഞാപനവും ഹൈകോടതി ശരിവെച്ചു. അതേസമയം, കോഴിക്കോട്, തിരുവനന്തപുരം കോര്‍പറേഷനുകള്‍ വിഭജിച്ചുള്ള മുനിസിപ്പാലിറ്റി രൂപവത്കരണം നിയമപരമല്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243 (ക്യൂ) വകുപ്പ് പ്രകാരം സര്‍ക്കാര്‍ നടപടി നിലനില്‍ക്കുന്നതല്ല. ചെറിയ നഗരങ്ങളെ വലിയ നഗരപ്രദേശമാക്കിയ ശേഷം തരംതാഴ്ത്തുന്നത് ഭരണഘടനയുടെ ലംഘനമാണ്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവയെ ഭരണഘടനാ സ്ഥാപനങ്ങളാക്കിയ ശേഷം തരംതാഴ്ത്തി തിരികെ കൊണ്ടുവരാനുള്ള വിജ്ഞാപനം 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെഷന്‍ 4 (2)ന് വിരുദ്ധമാണ്. കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചാണ് സര്‍ക്കാറിന്‍െറ നടപടി. ചെറിയ നഗരപ്രദേശത്തെ ഒരിക്കല്‍ ഭരണഘടനാ സ്ഥാപനമായി ഉയര്‍ത്തിയശേഷം വീണ്ടും തരംതാഴ്ത്തണമെങ്കില്‍ നിയമ നിര്‍മാണം ആവശ്യമാണ്. ഇത്തരം നിയമഭേദഗതിയില്ലാതെ കോര്‍പറേഷനുകളെ വിഭജിച്ച് മുനിസിപ്പാലിറ്റിയാക്കിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം നിയമപരമല്ല. മുന്‍ സര്‍ക്കാറിന്‍െറ തീരുമാനം റദ്ദാക്കുന്ന തരത്തിലുള്ള ഈ നടപടി നിലനില്‍ക്കില്ളെന്നും കോടതി വ്യക്തമാക്കി.
ജനസംഖ്യ, ജനസാന്ദ്രത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം, കാര്‍ഷികേതര ജോലികളില്‍നിന്നുള്ള വരുമാനം, മറ്റ് സാമ്പത്തിക ഘടകങ്ങള്‍ എന്നിവ പരിഗണിച്ചാണ് ചെറിയ നഗര പ്രദേശങ്ങളെ തരംതിരിക്കുന്നത്. എന്നാല്‍, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷര്‍ എന്നിവയെ ഒന്നിച്ച് പരിഗണിച്ചാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. വേണ്ടത്ര വ്യക്തതയില്ലാത്തതും അശ്രദ്ധയോടെയുള്ളതുമാണ് വിജ്ഞാപനം. ഗ്രാമീണ മേഖലയെ നഗരമേഖലയായും ചെറിയ നഗരപ്രദേശങ്ങളെ വലിയ നഗര പ്രദേശങ്ങളായും ഉയര്‍ത്തുന്നത് ഭരണഘടനാപരമാണ്. പഞ്ചായത്തുകളെ മുനിസിപ്പാലിറ്റിയുടെയും മുനിസിപ്പാലിറ്റിയെ കോര്‍പറേഷന്‍െറയും ഭാഗമാക്കാമെങ്കിലും തിരിച്ചുള്ള നടപടികള്‍ അംഗീകരിക്കാനാവിലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കോര്‍പറേഷനുകള്‍ വിഭജിച്ച് മുനിസിപ്പാലിറ്റികളാക്കിയ 2015 ഏപ്രില്‍ 30ലെ വിജ്ഞാപനം സിംഗ്ള്‍ബെഞ്ച് റദ്ദാക്കിയത്. 2010ല്‍ കോര്‍പറേഷന്‍െറ ഭാഗമാക്കിയ പ്രദേശങ്ങളാണ് വിജ്ഞാപനത്തിലൂടെ മുനിസിപ്പാലിറ്റികളാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.