ഭൂപതിവ് ചട്ട ഭേദഗതി: ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി കൈയേറ്റത്തിന് അംഗീകാരം നല്‍കുന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു.മലയോര മേഖലയില്‍, സര്‍ക്കാര്‍ ഭൂമിയിലെ 10 വര്‍ഷം പഴക്കമുള്ള കൈയേറ്റങ്ങള്‍ക്ക് സാധൂകരണം നല്‍കി ജൂണ്‍ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്. മലയോര മേഖലയിലെ കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്‍കാനുള്ള വരുമാനപരിധി വര്‍ധിപ്പിച്ചതും ഇതോടെ റദ്ദാവും.

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഉത്തരവ് പുറത്തിറക്കിയതെന്ന് ആക്ഷേപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാറിനെതിരെ വാളോങ്ങിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ സന്ദര്‍ശിച്ച് വിഷയം ചര്‍ച്ച ചെയ്തു. സുധീരനുമായുള്ള ചര്‍ച്ചക്ക് മുമ്പാണ് മന്ത്രിയുടെ പ്രഖ്യാപനം. ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് വിശദീകരണം ചോദിച്ചിട്ടില്ളെന്നും അടൂര്‍ പ്രകാശ് അറിയിച്ചു. 

മൂന്നാറിലേതുള്‍പ്പെടെ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുന്ന സാഹചര്യമാണ്  ഉത്തരവ് പ്രാബല്യത്തില്‍ വന്നാലുണ്ടാവുമായിരുന്നത്. 1964ലെ കേരള ഭൂമിപതിവ ് നിയമം ഭേദഗതി ചെയ്ത് മലയോര മേഖലകളില്‍ 2015 ജൂണ്‍ ഒന്നിന് 10 വര്‍ഷം പൂര്‍ത്തിയായ പുറമ്പോക്ക് കൈയേറ്റങ്ങളും പാട്ടക്കാലാവധി കഴിഞ്ഞ് ഭൂമി കൈവശം വെക്കുന്നതും സാധൂകരിക്കുന്നതായാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. മലയോര മേഖലയിലെ കൈയേറ്റക്കാര്‍ക്ക് ഭൂമി  പതിച്ചുനല്‍കാനുള്ള വരുമാനപരിധി 30,000 രൂപയായിരിക്കും.

അതേസമയം, സര്‍ക്കാര്‍ പതിച്ചുനല്‍കുന്ന ഭൂമി 25 വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥ ഭേദഗതി ചെയ്തുള്ള ഉത്തരവ് നിലനില്‍ക്കും. കേരള ഭൂമിപതിവ് ചട്ടം 8 (1) പ്രകാരം പതിച്ച് കിട്ടിയ ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഈ നിബന്ധന ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി പ്രകാരം ഭൂമി പതിച്ച് നല്‍കുന്നവര്‍ക്ക് മാത്രമായി ചുരുക്കി. കൈയേറ്റക്കാര്‍ക്ക് മലയോര മേഖലയില്‍ പട്ടയം നല്‍കുന്ന ഭൂമിയുടെ അളവ് ഒരേക്കറില്‍നിന്ന് മൂന്നേക്കറായും വര്‍ധിപ്പിച്ചതും നിലനില്‍ക്കും. ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ ഭൂമി കൈയേറിയവര്‍ക്ക് നാലേക്കര്‍ നല്‍കാനുള്ള തീരുമാനവും പ്രാബല്യത്തില്‍ വരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.