ന്യൂഡല്‍ഹി: ദേശീയപാത 17, 47 എന്നിവ 45 മീറ്റര്‍ വീതിയില്‍ നാലുവരിയായി വിപുലപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖത്തെ എന്‍.എച്ച് തിരുവനന്തപുരം ബൈപാസുമായി ബന്ധിപ്പിച്ച് ദേശീയപാത നിര്‍മിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് ദേശീയപാതയാക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. സ്ഥലമെടുപ്പിന്‍െറ നഷ്ടപരിഹാരം കേന്ദ്രത്തിന്‍െറ പുതുക്കിയ വ്യവസ്ഥപ്രകാരം നിശ്ചയിക്കും. നഗരപ്രദേശങ്ങളില്‍ നാലിരട്ടി, ഗ്രാമങ്ങളില്‍ ഇരട്ടി എന്നതാണ് മാനദണ്ഡം.
ദേശീയപാത വികസിപ്പിക്കുന്നതില്‍ തടസ്സമുണ്ടായാല്‍ ബൈപാസ്, ഫൈ്ളഓവര്‍, ഡീവിയേഷന്‍ എന്നിവ നിര്‍മിച്ച് പ്രശ്നം മറികടക്കും. തീരുമാനമെടുക്കുന്നതിനും ഏകോപനത്തിനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി രൂപവത്കരിക്കും. ദേശീയപാത 183-എയില്‍ ളാഹ മുതല്‍ പമ്പ വരെ ദേശീയപാതയാക്കും. കൊല്ലത്തെ ഭരണിക്കാവ്, കടമ്പനാട്, അടൂര്‍, പത്തനംതിട്ട, മണ്ണാര്‍ക്കുളഞ്ഞി, പ്ളാപ്പള്ളി, വടശ്ശേരിക്കര, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലൂടെയാണ് പുതിയ ദേശീയപാത കടന്നുപോകുന്നത്.
തലശ്ശേരി-മാഹി ബൈപാസിനായി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയ 12 കിലോമീറ്റര്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ‘പേവ്ഡ് ഷോള്‍ഡറോ’ടുകൂടിയ രണ്ടുവരിപ്പാതയായി സംസ്ഥാന ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കുന്നതിന് കേന്ദ്രാനുമതി തേടി. കണ്ണൂര്‍ ബൈപാസെന്ന ആവശ്യം കേന്ദ്രമന്ത്രി മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്.
ദേശീയപാത 45 മീറ്ററില്‍ താഴെയാണെങ്കില്‍ പദ്ധതി നടപ്പില്ളെന്ന നിലപാടിനു മുന്നില്‍ സംസ്ഥാനത്തിന് മറ്റു മാര്‍ഗങ്ങളില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ രണ്ടു വര്‍ഷത്തിനകം 25,000 കോടിയോളം രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. 600 കിലോമീറ്റര്‍ ഹില്‍ ഹൈവേ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും.
എറണാകുളം വല്ലാര്‍പാടത്തുനിന്ന് ആരംഭിച്ച് കോഴിക്കോട് വരെ നീളുന്ന തീരദേശ ഹൈവേ പദ്ധതി, കേന്ദ്രത്തിന്‍െറ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദേശീയപാതയായി വികസിപ്പിക്കാമെന്ന് ഗഡ്കരി ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.