സഹോദരിയുടെ നാട് കാണാന്‍ മ്യാന്മറില്‍നിന്ന് അവര്‍ വിരുന്നെത്തി

തൃക്കരിപ്പൂര്‍: ആങ്ങള ഇനിയൊരിക്കലും വരില്ളെന്നറിഞ്ഞിട്ടും കരഞ്ഞു കണ്ണീര്‍വറ്റി വിടവാങ്ങിയ സഹോദരിയുടെ നാട് കാണാന്‍ മാടാപ്രം മഹമൂദ് ഹാജിയുടെ മകനും കൊച്ചുമകനും ആറു പതിറ്റാണ്ടിനുശേഷം മ്യാന്മറില്‍നിന്ന് വിരുന്നെത്തി. വലിയപറമ്പ പടന്ന കടപ്പുറം മാടാപ്രം വീട്ടില്‍ ഖദീജയുടെ ഉറ്റവരെ തേടിയാണ് യാങ്കോനില്‍നിന്നുള്ള മുഹമ്മദ് ഖാസിമും ഇംദാദുദ്ദീനും എത്തിയത്.
ഒരു വിശേഷദിവസം റങ്കൂണിലേക്ക് നാടുവിട്ട മാടാപ്രം മഹമൂദ് ഹാജിയുടെ ഇളയമകനും പേരക്കുട്ടിയുമാണ് ഇരുവരും. അവിടെ പാവപ്പെട്ടവര്‍ക്കിടയില്‍ പണിയെടുത്ത അദ്ദേഹം പള്ളി ഇമാമായാണ് ജോലി നോക്കിയത്. മലയാളത്തിന്‍െറ സ്വാധീനംകാരണം മ്യാന്മറിലെ മസ്ജിദുകള്‍ ‘പള്ളി’ എന്നാണ് അറിയപ്പെടുന്നത്. മഹമൂദ് ഹാജി മ്യാന്മറിലാണ് വിവാഹം ചെയ്തത്. സഹോദരന് മക്കളുണ്ടായ വിവരമറിഞ്ഞ് ആഹ്ളാദവതിയായ ഖദീജ സ്വന്തം കൈകൊണ്ട് തുന്നിച്ചേര്‍ത്ത മൂന്നു കുപ്പായം കൊടുത്തയച്ചു.
തീപിടിത്തത്തില്‍ രണ്ടു കുപ്പായം കത്തിച്ചാരമായെങ്കിലും ബാക്കിയായ ഒരെണ്ണം ആദരപൂര്‍വം അവര്‍ ഇന്നും വീട്ടില്‍ സൂക്ഷിക്കുന്നു. മഹമൂദ് ഹാജി 1982ലും ഭാര്യ മറിയം 10 വര്‍ഷം കഴിഞ്ഞും മരിച്ചു. വളരെ നാളുകള്‍ കഴിഞ്ഞാണ് മരണവിവരവും മഹമൂദ് ഹാജിയുടെ ഒരു പഴയ പടവും തപാലില്‍ ലഭിക്കുന്നത്. അതേ പടത്തിന്‍െറ നാട്ടിലുണ്ടായിരുന്ന പകര്‍പ്പ് നോക്കിയിരുന്ന ഖദീജ കണ്ണീരൊഴുക്കി.
ഖദീജയുടെ കൊച്ചുമകള്‍ കൈക്കോട്ടുകടവിലുള്ള ജുവൈരിയയുടെ മകന്‍ ജൗഹര്‍ റഹ്മാന്‍െറ വിവാഹത്തില്‍ പങ്കെടുക്കാനാണ് തൃക്കരിപ്പൂരില്‍ എത്തിയത്. ദുബൈ അല്‍ഗുരൈറില്‍ പിതാവ് മാടാപ്രം അബ്ദുറഹ്മാനൊപ്പം സ്ഥാപനം നടത്തുന്ന ജൗഹറാണ് മൂന്നുവര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെ കുടുംബത്തിന്‍െറ വേരുകള്‍ തേടിപ്പിടിച്ചത്.
മലേഷ്യയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന ഇംദാദുദ്ദീനെയാണ് ജൗഹര്‍ ബന്ധപ്പെടുന്നത്. ഓര്‍മച്ചിത്രങ്ങള്‍ കൈമാറിയതോടെ ബന്ധം സുദൃഢമായി. അങ്ങനെയാണ് അമ്മാവന്‍, വ്യാപാരിയായ മുഹമ്മദ് കാസിമുമായി കേരളത്തിലേക്ക് തിരിച്ചത്. ആറു പതിറ്റാണ്ടിനുശേഷമുള്ള പുന$സമാഗമത്തില്‍ മഹമൂദ് ഹാജിയുടെ സഹോദരന്‍ വലിയപറമ്പിലെ മമ്മുഹാജിയും മക്കളും ആനന്ദാശ്രുക്കളോടെയാണ് എതിരേറ്റത്.
മഹമൂദ് ഹാജിയുടെ ഏഴുമക്കളില്‍ നാലുപേരാണ് ജീവിച്ചിരിപ്പുള്ളത് എന്ന് കാസിം പറഞ്ഞു. ഞായറാഴ്ച ജൗഹറും ഫാറ ഫര്‍നാസുമായുള്ള നിക്കാഹില്‍ പങ്കെടുത്ത ഇരുവരും ആറിന് നാട്ടിലേക്ക് തിരിക്കും. ബര്‍മീസും ഇംഗ്ളീഷും ഉര്‍ദുവുമാണ് വശമുള്ള ഭാഷകള്‍. മലയാളിക്ക് മ്യാന്മറില്‍ എന്നും ആദരമാണെന്ന് കാസിം പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.