ധനകാര്യ നിയന്ത്രണം ഇന്ന് പി.എസ്.സി ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പി.എസ്.സിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗം അനേഷണം നടത്തുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചിരിക്കെ തിങ്കളാഴ്ച ചേരുന്ന കമീഷന്‍ യോഗം ധനനിയന്ത്രണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ധനകാര്യ പരിശോധനാവിഭാഗത്തിന്‍െറ അന്വേഷണം പാടില്ളെന്നും ഭരണഘടനാസ്ഥാപനമായതിനാല്‍ അക്കൗണ്ടന്‍റ് ജനറലാണ് പരിശോധിക്കേണ്ടതെന്ന നിലപാടും കമീഷന്‍ യോഗത്തില്‍ ഉയര്‍ന്നേക്കും. സര്‍ക്കാര്‍ ഇടപെടലിന്‍െറ സാഹചര്യത്തില്‍ തിങ്കളാഴ്ച  ചേരുന്ന യോഗത്തില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കമീഷനിലെ ഫിനാന്‍സ് വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച  ചര്‍ച്ചക്ക് വരും. ഇത് അജണ്ടയിലില്ളെങ്കിലും പ്രധാനമായി ചര്‍ച്ച ചെയ്യുന്നത് ഇക്കാര്യമായിരിക്കും. ലോപ്പസ് മാത്യു, പ്രേമരാജന്‍, അഡ്വ. ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലെ ഉപസമിതിയെ സാമ്പത്തിക പ്രതിസന്ധി പഠിക്കാന്‍ കമീഷന്‍ രണ്ടാഴ്ച മുമ്പ് നിയോഗിച്ചിരുന്നു. ഇതിന് ഏകദേശ രൂപമായെങ്കിലും തിങ്കളാഴ്ചത്തെ കമീഷന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോയെന്ന് ഉറപ്പായിട്ടില്ല.
കമീഷന്‍െറ ധനവിനിയോഗം ധനകാര്യ വകുപ്പിന് ഒട്ടും തൃപ്തികരമായിരുന്നില്ല. പരീക്ഷാനടത്തിപ്പിനും മറ്റുമുള്ള പണം ചുരുങ്ങിയ കാലംകൊണ്ട് തീര്‍ത്തത് മുതല്‍ ധനവകുപ്പ് കമീഷന്‍െറ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുകോടി രൂപ അനുവദിച്ചെങ്കിലും വീണ്ടും ഉയര്‍ന്ന തുകക്കുള്ള ബില്ലുകള്‍ കമീഷന്‍േറതായി ട്രഷറിയില്‍ വന്നു. സര്‍ക്കാറിന്‍െറ മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഇത് പാസായില്ളെങ്കിലും പിന്നീട് 50 ലക്ഷത്തില്‍ താഴെയുള്ള തുക എഴുതി ഒരു ബില്‍ പാസായി. ഇതോടെയാണ് പി.എസ്.സിയുടെ എല്ലാ ബില്ലുകള്‍ക്കും അനുമതി നിര്‍ബന്ധമാക്കിയത്.  പി.എസ്.സിയുടെ ഈ നീക്കം ശരിയായ രീതിയിലായിരുന്നില്ളെന്ന വിലയിരുത്തലാണ് ധനവകുപ്പിലുണ്ടായത്. സര്‍ക്കാറിന്‍െറ അനുമതി വാങ്ങാനോ ആശയ വിനിമയം നടത്താനോ കമീഷന്‍ തയാറായതുമില്ല. ഇതിനു പിന്നാലെയാണ് ധനകാര്യ പരിശോധനാവിഭാഗത്തിന്‍െറ അന്വേഷണവും പ്രഖ്യാപിച്ചത്. വിജിലന്‍സ് അന്വേഷണത്തിനാണ് ശിപാര്‍ശ വന്നതെങ്കിലും ധനകാര്യ പരിശോധനാവിഭാഗത്തിന്‍േറതായി കുറയ്ക്കുകയായിരുന്നു. അതേസമയം, മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം അന്വേഷണം വന്നത് പി.എസ്.സിയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. അന്വേഷണ ഉത്തരവും ഇതുമായി സഹകരിക്കണമെന്ന നിര്‍ദേശവും ഇതിനകം പി.എസ്.സിക്ക് സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. കമീഷന്‍ ഇവര്‍ക്ക് ഫയല്‍ നല്‍കേണ്ടതില്ളെന്ന നിലപാട് ചില കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്നുണ്ട്. അന്വേഷണത്തോട് കൈക്കൊള്ളേണ്ട നിലപാടും മിക്കവാറും തിങ്കളാഴ്ചത്തെ  യോഗം തീരുമാനിക്കും.
സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കമീഷന്‍  ചെയര്‍മാന്‍ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നു. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നെങ്കിലും ഇതുവരെ  യോഗം വിളിക്കുകയോ ധനവകുപ്പിന് നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ല. ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.