കുട്ടികളില്ലാത്ത അണ്‍എയ്ഡഡ് പ്ളസ് ടു സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 50ല്‍പരം അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളിലെ ബാച്ചുകളുടെ അംഗീകാരം റദ്ദാക്കുന്നു. വര്‍ഷങ്ങളായി 25 കുട്ടികളെപ്പോലും കിട്ടാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ ബാച്ചുകളുടെ അംഗീകാരമാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് റദ്ദാക്കാനൊരുങ്ങുന്നത്. നിലവിലെ ബാച്ചുകളില്‍ ഒന്നില്‍ പോലും 25 കുട്ടികള്‍ ഇല്ളെങ്കില്‍ ആ സ്കൂളുകളുടെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്‍െറ അംഗീകാരംതന്നെ നഷ്ടപ്പെട്ടേക്കാം. ഇതിന്‍െറ മുന്നോടിയായി ഈ സ്കൂളുകള്‍ക്കെല്ലാം ഡയറക്ടറേറ്റ് ഉടന്‍ നോട്ടീസ് അയക്കും. നോട്ടീസിന് മറുപടി ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും.
കഴിഞ്ഞ കുറേ വര്‍ഷമായി 25 കുട്ടികളെങ്കിലും ഇല്ലാതെ ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന 50ല്‍ അധികം സ്കൂളുകളെങ്കിലും ഉണ്ടെന്നാണ് കണക്ക്. ചുരുങ്ങിയത് രണ്ട് ബാച്ചുകളുമായാണ് ഈ ഹയര്‍സെക്കന്‍ഡറികളെല്ലാം പ്രവര്‍ത്തിക്കുന്നത്. ബാച്ചൊന്നില്‍ 25 കുട്ടികളെപ്പോലും കണ്ടത്തൊന്‍ കഴിയാത്ത സ്കൂളുകളിലെ ബാച്ചുകള്‍ റദ്ദാക്കാന്‍ നേരത്തേതന്നെ നിര്‍ദേശമുയര്‍ന്നിരുന്നു. എന്നാല്‍, അണ്‍എയ്ഡഡ് മാനേജ്മെന്‍റുകളില്‍നിന്നുള്ള സമ്മര്‍ദം കാരണം ഇതു നടപ്പാക്കാതെ പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും സമാന അവസ്ഥ തുടര്‍ന്നു. ഈ വര്‍ഷത്തെ പ്രവേശ നടപടികള്‍ പൂര്‍ത്തിയായി വരുന്ന സമയത്തും സമാന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത്തരം സ്കൂളുകളില്‍ കുട്ടികളില്ലാത്തതിനാല്‍ ഹയര്‍സെക്കന്‍ഡറികളില്‍ വ്യാപകമായ സീറ്റൊഴിവാണെന്ന പ്രചാരണവും നടന്നിരുന്നു. എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഒട്ടേറെ കുട്ടികള്‍ക്ക് പ്രവേശം ലഭിക്കാത്ത അവസ്ഥയുണ്ട്. അതേസമയംതന്നെ തെക്കന്‍ ജില്ലകളില്‍ അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ വന്‍തോതില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു.
സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ സീറ്റിനായി കുട്ടികള്‍ കാത്തിരിക്കുമ്പോഴാണ് അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ വര്‍ഷം 35000ത്തോളം സീറ്റുകളാണ് അണ്‍എയ്ഡഡ് മേഖലയില്‍ ഒഴിഞ്ഞുകിടന്നത്. ഇത് ഉയര്‍ത്തിക്കാട്ടി പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കുന്നതിനെതിരെ പ്രചാരണവും നടന്നിരുന്നു.
ഈ സാഹചര്യത്തില്‍ കൂടിയാണ് ചുരുങ്ങിയ കുട്ടികള്‍ പോലും ഇല്ലാത്ത ഹയര്‍സെക്കന്‍ഡറികളിലെ ബാച്ചുകള്‍ റദ്ദാക്കുന്നത്. മാറിമാറി വന്ന സര്‍ക്കാറുകളുടെ കാലത്ത് സ്വാധീനം ചെലുത്തി ഹയര്‍സെക്കന്‍ഡറികളും ബാച്ചുകളും സംഘടിപ്പിച്ച അണ്‍എയ്ഡഡ് മാനേജ്മെന്‍റുകള്‍ക്ക് പക്ഷേ, കുട്ടികളെ കണ്ടത്തൊന്‍ കഴിയാതെ പോവുകയായിരുന്നു. വന്‍തോതില്‍ ഫീസും തലവരിയും ഈടാക്കിയായിരുന്നു ഇവ പ്രവര്‍ത്തിച്ചിരുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.