വിവാദങ്ങളുടെ മൊത്ത വിപണനകേന്ദ്രംകൂടിയാണ് കാലിക്കറ്റ് സര്‍വകലാശാല. തൊട്ടതും പിടിച്ചതുമെല്ലാം വിവാദം. ഭൂമിദാനം മുതല്‍ സര്‍ട്ടിഫിക്കറ്റുകളിലെ കൂട്ടത്തെറ്റ് വരെ. സായുധധാരികളായ രണ്ട് പൊലീസുകാരുടെ അകമ്പടിയാണ് കേരളത്തിലെ അക്കാദമിക് സ്ഥാപന മേധാവിക്ക് ഇന്നുള്ളത്. കലാപങ്ങളെപോലും നാണിപ്പിക്കുന്ന അക്രമസംഭവങ്ങള്‍. 169 സമരങ്ങള്‍. ജീവനക്കാരുടെ പണിമുടക്ക്, സസ്പെന്‍ഷന്‍. സിന്‍ഡിക്കേറ്റ് യോഗത്തില്‍പോലും അടിപിടി. നീണ്ട നാലു വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് മടങ്ങുകയാണ് വിവാദങ്ങളുടെ കേന്ദ്ര കഥാപാത്രംകൂടിയായ വി.സി ഡോ. എം. അബ്ദുസ്സലാം. സംഭവബഹുലമായ 1460 ദിനങ്ങള്‍ ഓര്‍ക്കുകയാണ് അദ്ദേഹം. ‘മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ.
•നാലു വര്‍ഷം പൂര്‍ത്തിയാകുന്നു. സര്‍വകലാശാലകള്‍ നന്നാവില്ളേ?
- സര്‍വകലാശാലകള്‍ നന്നാവുമെന്നതില്‍ ഒരു സംശയവുമില്ല. ഉത്തരക്കടലാസ് പശു തിന്നുന്ന കാലത്താണ് ഞാന്‍ ഇവിടെയത്തെിയത്. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ രണ്ടു വര്‍ഷംവരെ കാത്തിരിക്കേണ്ട കാലം. കാടുപിടിച്ച് 533 ഏക്കറില്‍ കിടക്കുന്ന കാമ്പസ്. ഈ സ്ഥിതി ഒരു പരിധി വരെ മാറ്റിയെടുക്കാനായി. രണ്ടര ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനായി. കാമ്പസിന് അടുക്കും ചിട്ടയുമുണ്ടായി. കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ എല്ലാം നടക്കും.
•വിവാദങ്ങളുടെ കൂട്ടുകാരനായാണ് അറിയപ്പെടുന്നത്. ആരെയെങ്കിലും ഒപ്പം കൂട്ടിയിരുന്നെങ്കില്‍ കുറെ വിവാദം ഒഴിവാക്കാമായിരുന്നില്ളേ?
സര്‍വകലാശാലകളില്‍ പയറ്റിത്തെളിഞ്ഞ ശീലമുണ്ട്. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടി നേരിടും. ജീവനക്കാരുടെ യൂനിയനിസം അതിന്‍െറ പരകോടിയില്‍ നില്‍ക്കുന്നയിടമാണ് കാലിക്കറ്റ് സര്‍വകലാശാല. കുറെ പേര്‍ക്ക് പണിയൊന്നുമെടുക്കാതെ കൃത്യമായി സ്ഥാനക്കയറ്റം ലഭിക്കുന്ന സ്ഥാപനമാണ് ഇവിടെയും. വിദ്യാര്‍ഥികളോ രക്ഷിതാക്കളോ പരീക്ഷയോ ഒന്നും ഇവര്‍ക്ക് പ്രശ്നമല്ല. ഈ യൂനിയനിസത്തിലേക്കാണ് പഞ്ചിങ് പോലുള്ളവ നടപ്പാക്കിയത്. സ്വാഭാവികമായും ഇടത്-വലത് യൂനിയനുകള്‍ ഒറ്റക്കെട്ടായി. സംയുക്ത സമരസമിതിയുണ്ടാക്കി വി.സിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഒറ്റപ്പെട്ടത്. നേരിടാന്‍ ചങ്കൂറ്റമുണ്ടെങ്കില്‍ ഒറ്റപ്പെടലുമുണ്ടാവില്ല. പിന്നെ, സര്‍വകലാശാലക്കു പുറത്ത് പിന്തുണയുമായി വലിയ നിരയുണ്ട് കൂടെ. ഫേസ്ബുക്കിലും വാട്സ്ആപ്പിലുമായി ഈ കൂട്ടായ്മ സജീവമാണ്.
•ഭരണപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളും കൈവിട്ടു. ഇതെല്ലാം കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാക്കിയില്ളേ?
രാഷ്ട്രീയം നല്ലതാണ്. പരിധിവിട്ട രാഷ്ട്രീയ പക്ഷപാതമാണ് ഇവിടെ കാര്യങ്ങള്‍ വഷളാക്കിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ പലര്‍ക്കും വലിയ താല്‍പര്യങ്ങളുണ്ട്. ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നിര്‍ബന്ധിച്ചാല്‍ എന്തു ചെയ്യും. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒരു വഴിക്കും വി.സി മറ്റൊരു വഴിക്കുമായെന്നത് നേരാണ്. ജീവനക്കാരുടെ യൂനിയനുകളുടെ താല്‍പര്യങ്ങളാണ് ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും പറഞ്ഞത്. അക്കാദമിക് താല്‍പര്യമുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വന്നിരുന്നെങ്കില്‍ ഒരു പ്രശ്നവുമുണ്ടാകില്ല.
•പാതിവഴിയില്‍ ഇട്ടേച്ചുപോയാല്‍ മതിയെന്ന് തോന്നിയോ?
വി.സി പദവി മുള്‍ക്കിരീടമാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് വന്നത്. എന്നാല്‍, ഇത്രത്തോളം ഭീകരമാകുമെന്ന് ഊഹിക്കാനായില്ല. പതിവ് സമരങ്ങള്‍ക്കപ്പുറം കലാപമാണ് ഇടത് വിദ്യാര്‍ഥികള്‍ നയിച്ചത്. ഭാര്യക്കൊപ്പം താമസിക്കവേ വീടിനുനേരെ കല്ളെറിഞ്ഞു. ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച് കൊല്ലാന്‍വരെ ശ്രമിച്ചു. സായുധ പൊലീസ് കാവലിനു വന്നതോടെയാണ് ഇതില്‍നിന്ന് മാറ്റമുണ്ടായത്. പൊലീസിനൊപ്പം കാമ്പസില്‍ നടക്കാന്‍ ആഗ്രഹമൊന്നുമില്ല. വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിച്ചത്. സ്വാശ്രയ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ അനുവദിച്ചതും പഞ്ചിങ് ഏര്‍പ്പെടുത്തിയതുമൊക്കെ വിദ്യാര്‍ഥികളെ ശത്രുക്കളാക്കി. അവരുടെ സമരത്തെ ശക്തമായി നേരിട്ടു.
•ലീഗ് നേതൃത്വവുമായുള്ള ബന്ധം?
മുസ്ലിം ലീഗ് നേതൃത്വവുമായി നല്ല ബന്ധമാണുള്ളത്. മുതിര്‍ന്ന ഒരു നേതാവും ഒരു കാര്യത്തിനും വിളിച്ചിട്ടില്ല. എന്ത് പ്രശ്നമുണ്ടായാലും പരിഹരിക്കാമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. വി.സിയെന്ന നിലക്ക് വലിയ ആത്മവിശ്വാസം നല്‍കി ഇത്. എന്നാല്‍, ചില പ്രാദേശിക ലീഗ് നേതാക്കള്‍ വല്ലാതെ പ്രയാസപ്പെടുത്തി. അവരുടെ ശത്രുവാണെന്ന് പ്രചരിപ്പിച്ചു. ലീഗ് ജീവനക്കാരുടെ യൂനിയന്‍െറ ആവശ്യങ്ങളാണ് പ്രാദേശിക കമ്മിറ്റികളുടേതായി വന്നത്. വള്ളിക്കുന്ന് മണ്ഡലം ലീഗ് കമ്മിറ്റിയിലെ പ്രശ്നങ്ങള്‍പോലും സര്‍വകലാശാലയുടെ വിഷയമായി.
•നിയമനത്തിലെ കോഴ ആരോപണങ്ങളെ എങ്ങനെ കാണുന്നു?
നേരത്തേ പറഞ്ഞല്ളോ, ചില ശീലങ്ങളാണ് സര്‍വകലാശാലകളെ നയിക്കുന്നത്. അക്കാദമിക് കാര്യങ്ങള്‍ക്ക് അല്ലാത്തതിനെല്ലാം വലിയ പരിഗണന ലഭിക്കും. നിയമനങ്ങള്‍ക്ക് കോഴ വാങ്ങുന്നുവെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. നേരിട്ട് അറിയില്ല. എന്നാല്‍, ഒരു കാര്യം വ്യക്തം; എല്ലാ നിയമനങ്ങളും ഇവിടെ വീതംവെപ്പാണ്. പാര്‍ട്ടിയുടെയും യൂനിയന്‍െറയും പേരിലാണ് വീതംവെപ്പ്. യൂനിയന്‍ വളരണം, മറ്റൊന്നും വേണ്ട. ഇരട്ട സ്ഥാനക്കയറ്റം വരെ യൂനിയന്‍ നേതാക്കള്‍ നേടിയെടുത്തു. ഇല്ലാത്ത എച്ച്.ആര്‍.എ വാങ്ങിക്കൂട്ടിയതും അധികമായി സമ്പാദിച്ച സെക്ഷന്‍ ഓഫിസര്‍ തസ്തികയുമെല്ലാം റദ്ദാക്കി.
•ഇത്രയും പരാതിയുള്ള വി.സി അപൂര്‍വമായിരിക്കും. എങ്ങനെ നേരിടുന്നു?
ഗവര്‍ണര്‍ക്ക് 210 പരാതികളാണ് എന്നെക്കുറിച്ച് ലഭിച്ചത്. വിജിലന്‍സ് കേസ് ഏഴെണ്ണം. ലോകായുക്തയിലും വനിതാ കമീഷനിലും നാലെണ്ണം വീതം. പിന്നാക്ക കമീഷനില്‍ നാല് പരാതി വേറെയും. ജീവനക്കാരും വിദ്യാര്‍ഥികളും എല്ലാം ഒറ്റക്കെട്ടായാല്‍ ഇങ്ങനെയുണ്ടാകും. ഞാന്‍ ജനിച്ചതുമുതലുള്ള കാര്യങ്ങള്‍ വിവരാവകാശനിയമ പ്രകാരം തേടുകയാണ് ഇക്കൂട്ടര്‍. ആദായനികുതി അടക്കുന്നില്ളെന്ന് കാണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതി നല്‍കി. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെവെച്ച് കുറെ പണിയെടുത്തശേഷമാണ് പ്രശ്നം പരിഹരിച്ചത്. അധികം അടച്ച ഒന്നര ലക്ഷം രൂപ തിരിച്ചുകിട്ടാനും സാധിച്ചു. ശമ്പളവും പെന്‍ഷനും കൈപ്പറ്റുന്നുവെന്ന് കാണിച്ചുള്ള പരാതിയുണ്ടായി. ചാന്‍സലറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചതിനുശേഷം അതും പരിഹരിച്ചു. അനധികൃത സ്വത്തുസമ്പാദനമെന്ന പേരില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ പരാതി വിജിലന്‍സിന് കഴിഞ്ഞയാഴ്ച ലഭിച്ചു. ജീവിതകാലം മുഴുവന്‍ കേസുമായി നടക്കട്ടെയെന്നാണ് പരാതിക്കാരുടെ ആവശ്യം.
•എടുത്തുപറയാവുന്ന നേട്ടങ്ങള്‍?
സംസ്ഥാനത്ത് ആദ്യം പഞ്ചിങ് നടപ്പാക്കിയത് കാലിക്കറ്റിലാണെന്നത് നേട്ടം. ഗവേഷണ കോപ്പിയടി തടയാന്‍ നിയമം നടപ്പാക്കി. സേവനാവകാശ നിയമം കൊണ്ടുവന്നു. നാലഞ്ച് പഠനവകുപ്പുകള്‍ തുടങ്ങി. 78 പുതിയ കോഴ്സുകള്‍ അധികമായി തുടങ്ങി. 36,000 ഡിഗ്രിയും 7000 പി.ജി സീറ്റുകളും വര്‍ധിപ്പിച്ചു. 143 പുതിയ കോളജുകള്‍ തുടങ്ങി. ബ്രിക്സ് റാങ്കിങ്ങില്‍ കാലിക്കറ്റ് ലോകാടിസ്ഥാനത്തില്‍ 101ാം ഇടം നേടി. കായികരംഗത്തെ നേട്ടം ഇതിനു പുറമെ. കടുത്ത വെല്ലുവിളികള്‍ക്ക് നടുവിലും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു.
•ഭാവി പരിപാടികള്‍?
ജന്മനാടായ കൊല്ലത്തേക്ക് മടങ്ങാതെ കുറച്ചുകാലം കോഴിക്കോട്ടുണ്ടാകും. വിദ്യാഭ്യാസ രംഗത്തുണ്ടാകും. പുതിയ പദ്ധതികള്‍ പലതുമുണ്ട്. പല സ്ഥാപനങ്ങളും സമീപിക്കുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.