സ്വകാര്യ ഹജ്ജ് ക്വോട്ട: നറുക്കെടുപ്പ് പൂര്‍ത്തിയായി

മലപ്പുറം: ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് ക്വോട്ടയിലെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കേരളത്തിന് രണ്ട് കാറ്റഗറികളിലായി 4,500ഓളം സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇത്തവണ 36,000 സീറ്റുകളാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കായി നീക്കിവെച്ചത്.
രണ്ട് കാറ്റഗറിയായാണ് ഇത്രയും സീറ്റുകള്‍ വീതിച്ചുനല്‍കിയിരിക്കുന്നത്. ആകെ ക്വോട്ടയുടെ 70 ശതമാനം ഒന്നാം കാറ്റഗറിയിലും 30 ശതമാനം രണ്ടാം കാറ്റഗറിയിലുമാണ് അനുവദിച്ചത്. ഒന്നാം കാറ്റഗറിയില്‍ 25,200 സീറ്റുകളും രണ്ടാം കാറ്റഗറിയില്‍ 10,800 സീറ്റുകളുമാണുള്ളത്. ഒന്നാം കാറ്റഗറിയില്‍ 255 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളും രണ്ടില്‍ 303 ഗ്രൂപ്പുകളുമാണ് വിദേശകാര്യ മന്ത്രാലയം തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് ഒന്നാം കാറ്റഗറിയില്‍ 34 ഗ്രൂപ്പുകളും രണ്ടില്‍ 24 ഗ്രൂപ്പുകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.  
ഒന്നില്‍ ഉള്‍പ്പെട്ടവര്‍ക്ക് 99/98 സീറ്റുകളും രണ്ടാം കാറ്റഗറിയിലുള്ളവര്‍ക്ക് 50 സീറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഒന്നാം കാറ്റഗറിയില്‍പ്പെട്ട എല്ലാ ഗ്രൂപ്പുകള്‍ക്കും സീറ്റ് ലഭിച്ചപ്പോള്‍ രണ്ടാം കാറ്റഗറിയില്‍പ്പെട്ട 216 ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പുകളെ തെരഞ്ഞെടുത്തത്. ഇതില്‍ 55 ഗ്രൂപ്പുകള്‍ക്ക് നറുക്കെടുപ്പില്ലാതെ ക്വോട്ട അനുവദിച്ചു. ഇവയില്‍ 50 ഗ്രൂപ്പുകള്‍ 2012, 2013 വര്‍ഷങ്ങളില്‍ ഹജ്ജ് സര്‍വിസിന് യോഗ്യത നേടിയെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല. മൂന്ന് ഗ്രൂപ്പുകള്‍ കഴിഞ്ഞ വര്‍ഷം ഉള്‍പ്പെട്ടെങ്കിലും സീറ്റ് കിട്ടിയില്ല. ബാക്കിയുള്ള രണ്ട് ഗ്രൂപ്പുകള്‍ക്ക് ജൂലൈ ഏഴിലെ സുപ്രീംകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് നറുക്കെടുപ്പില്ലാതെ ക്വോട്ട കിട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.