ഇ-മെയില്‍ ഐ.ഡി ഹാക് ചെയ്ത് മലയാളി വ്യവസായിയുടെ 23000 ഡോളര്‍ തട്ടി

കോട്ടയം: മലയാളി വ്യവസായിയുടെ ഇ-മെയില്‍ ഐ.ഡി ഹാക് ചെയ്ത് 23000 യു.എസ് ഡോളര്‍ അജ്ഞാതര്‍ തട്ടിയെടുത്തു. കോട്ടയം സ്വദേശി തോമസ് കുളങ്ങരയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിന്‍െറ ഇരയായത്. ഇദ്ദേഹത്തിന്‍െറ ഉടമസ്ഥതയില്‍ ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍സോളിഡേറ്റഡ് വുഡ് ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിയില്‍നിന്ന് കഴിഞ്ഞ ജൂണ്‍ 16ന് ഓസ്ട്രിയയിലെ മസ്ത പ്രൊഡക്ഷന്‍സ്  കമ്പനിക്ക് കണ്ടെയ്നറില്‍ അയച്ച റബര്‍ മാറ്റിന്‍െറ വിലയായി ലഭിച്ച പണമാണ് തട്ടിയെടുത്തത്. തോമസ് കുളങ്ങരയുടെ ഇ-മെയില്‍ ഐ.ഡി ഹാക് ചെയ്ത് അതില്‍ അനധികൃതമായി പ്രവേശിച്ച ശേഷം കമ്പനിയുടെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കത്തുകളും രേഖകളും ചോര്‍ത്തിയെടുത്ത് വ്യാജസന്ദേശം നല്‍കിയാണ് പണം തട്ടിയെടുത്തത്. പരസ്പരം ഇടപാട് നടത്തിയിരുന്ന രണ്ടു കമ്പനികളുടെയും ഇ-മെയില്‍ ഐ.ഡികളെന്ന് തോന്നിക്കുന്ന വ്യാജ ഐ.ഡികള്‍ നിര്‍മിച്ചായിരുന്നു പ്രവര്‍ത്തനം.
കയറ്റി അയച്ച ചരക്കിന്‍െറ പണം ബാങ്ക് അക്കൗണ്ടില്‍ എത്താതെ വന്നതോടെ ഓസ്ട്രിയയിലെ കമ്പനിയില്‍ അന്വേഷിച്ചപ്പോഴാണ് പണം ഹാക്കര്‍മാര്‍ നല്‍കിയ അക്കൗണ്ടിലേക്കാണ് പോയതെന്ന് മനസ്സിലാകുന്നത്. യു.കെയിലുള്ള ബാങ്കിലേക്കാണ് പണം പോയിരിക്കുന്നത്. സംഭവം സംബന്ധിച്ച് സംസ്ഥാന പൊലീസിന്‍െറ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. കോട്ടയം ഡിവൈ.എസ്.പി വി. അജിത് അന്വേഷണം ആരംഭിച്ചു. ആറു മാസം മുമ്പ് കോട്ടയം പൂവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറി ഉടമക്ക് സമാനരീതിയില്‍ ലക്ഷങ്ങള്‍ നഷ്ടമായിരുന്നു. ഭൂട്ടാനില്‍നിന്നുമാണ് മെയില്‍ ഐ.ഡി ഹാക് ചെയ്തത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.