അനിന്‍രാജിന് ഉയിര്‍ നല്‍കി; അഞ്ജന ഇനി ചരിത്രം

തിരുവനന്തപുരം: ഉയിരറ്റുംപോകും മുമ്പ് ജീവന്‍ മറ്റൊരാള്‍ക്കുനല്‍കി അഞ്ജന ഇനി ചരിത്രം. കാരുണ്യത്തിന്‍െറ വറ്റാത്ത ഉറവയില്‍ അനിന്‍ രാജ് ജീവിതത്തിലേക്കും. അവയവദാനത്തില്‍ പുതിയൊരധ്യായമായി മൂന്നുവയസ്സുകാരി അഞ്ജനയും അഞ്ചുവയസ്സുകാരന്‍ അനിന്‍രാജും ചരിത്രമാകുമ്പോള്‍, കേരളത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ ദാതാവും സ്വീകര്‍ത്താവും വൈദ്യശാസ്ത്രത്തിലും ഇടംപിടിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ശനിയാഴ്ച മസ്തിഷ്ക മരണത്തിന് കീഴടങ്ങിയ അഞ്ജനയുടെ കരളും വൃക്കകളുമാണ് കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനിന്‍രാജിന് പുതുജീവിതത്തിന്‍െറ പ്രതീക്ഷ നല്‍കിയത്. കരകുളം, ഏണിക്കര, നിലവൂര്‍തട്ടം, ചോതി ഭവനില്‍ അജിത്തിന്‍െറ മകളാണ് മൂന്നുവയസ്സുകാരി അഞ്ജന. വെള്ളറട, കിളിയൂര്‍ സ്വദേശി അനിയന്‍െറ മകനാണ് അനിന്‍ രാജ്.  രണ്ട് അവയവങ്ങളും ഒരാളില്‍നിന്ന് ലഭിച്ചതോടെ അനിന്‍രാജ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.

വ്യാഴാഴ്ചയാണ് തല ചുറ്റിവീണതിനെ തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ അഞ്ജനയെ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ബ്രയിന്‍ടൂമര്‍ ആണെന്ന് കണ്ടത്തെി. അബോധാവസ്ഥയിലായിരുന്ന കുട്ടിക്ക് ചികിത്സ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ശനിയാഴ്ച രാവിലെ 8.30 നും ഉച്ചക്ക്രണ്ടിനും ഡോക്ടര്‍മാര്‍ പരിശോധന നടത്തി. പിന്നീട് മൃതസഞ്ജീവനിയിലെ അംഗങ്ങളും എത്തി പരിശോധിച്ചു.  മസ്തിഷ്ക മരണം ഉറപ്പായതോടെ അവയവ ദാനത്തെ സംബന്ധിച്ച് മൃതസഞ്ജീവനി അധികൃതര്‍ സംസാരിക്കുകയും മഹാദാനത്തിന് അഞ്ജനയുടെ മാതാപിതാക്കള്‍ തയാറാവുകയുമായിരുന്നു. മറ്റൊരാളിലൂടെ മകളുടെ ഓര്‍മയും നന്മയും ലോകത്തുണ്ടാകണമെന്ന മാതാപിതാക്കളുടെ തീരുമാനം അനിന്‍രാജിന് അങ്ങനെ തുണയായി.

അനിന്‍രാജ് അപ്പോഴും കിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. അഞ്ജനയുടെ കുഞ്ഞ് ശരീരത്തില്‍നിന്ന് അവയവങ്ങള്‍ മാറ്റാനുള്ള ശസ്ത്രക്രിയ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ ആരംഭിച്ചു. കിംസിലെ  ഡോ. വോണുഗോപാലിന്‍െറയും സബീര്‍ അലിയുടെയും നേൃത്വത്തിലെ സംഘം എസ്.എ.ടിയിലത്തെിയിരുന്നു. എസ്.എ.ടിയിലെ ഡോക്ടര്‍മാരായ ശങ്കര്‍, ഷീജ, അജയകുമാര്‍ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.   

ആറോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ കരളും വൃക്കയും കിംസ് ആശുപത്രിയിലത്തെിച്ചു. രാവിലെ ആയതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നു. എങ്കിലും സിറ്റിപൊലീസിന്‍െറ നേതൃത്വത്തില്‍  ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് എട്ടോടെ  അവയവങ്ങള്‍ അനിന്‍രാജിലേക്ക് തുന്നി ചേര്‍ക്കുന്നതിനുള്ള ശസ്ത്ര്ക്രിയ ആരംഭിച്ചു. ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ ഏതാണ്ട് 16 മണിക്കൂറെങ്കിലും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കരള്‍മാറ്റി വെക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് ആദ്യം ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് അത് പൂര്‍ത്തിയായി. പിന്നീട് വൃക്കകള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ജനയുടെ കോര്‍ണിയ കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് അത് പ്രകാശം ചൊരിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.