തിരുവനന്തപുരം: നിബന്ധനകള്‍ക്ക് വിധേയമായി സംസ്ഥാനത്തെ അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ കൂടി 20 ശതമാനം വരെ ആനുപാതിക സീറ്റ് വര്‍ധന അനുവദിക്കാന്‍ തീരുമാനം. സീറ്റിന്‍െറ ആവശ്യകത വ്യക്തമാക്കുന്ന രേഖകള്‍ സഹിതം അപേക്ഷിക്കുന്ന സ്കൂളുകള്‍ക്ക് വര്‍ധന അനുവദിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നേരത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അണ്‍എയ്ഡഡ് സ്കൂളുകളില്‍ വന്‍തോതില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നതിനാല്‍ ഇത്തവണ സീറ്റ് വര്‍ധനക്ക് പരിഗണിച്ചിരുന്നില്ല. എന്നാല്‍, ഒട്ടേറെ അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ഡറികള്‍ സീറ്റ് വര്‍ധന തങ്ങള്‍ക്ക് കൂടി ബാധകമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ച സാഹചര്യത്തിലാണ് കര്‍ശന നിബന്ധനകളോടെ അനുവദിക്കാന്‍ തീരുമാനിച്ചത്. അപേക്ഷിക്കുന്ന അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ പാഠ്യരംഗത്തെ മികവ്, സീറ്റിന്‍െറ ആവശ്യകത, സംവരണ മാനദണ്ഡങ്ങള്‍ പാലിക്കല്‍, ഈടാക്കുന്ന ഫീസ് എന്നിവ പരിഗണിച്ചായിരിക്കും സീറ്റ് വര്‍ധന അനുവദിക്കുക.
അപേക്ഷിക്കുന്ന സ്കൂളുകള്‍ അവിടെ അപേക്ഷിച്ചിട്ടും പ്രവേശം ലഭിക്കാത്ത വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി രജിസ്റ്റര്‍ നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങള്‍, അപേക്ഷാ ഫീസിന്‍െറ തുക സര്‍ക്കാര്‍ ഖജനാവില്‍ ഒടുക്കിയ ചെലാന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്ളസ് വണ്‍, പ്ളസ് ടു ഫലങ്ങളുടെ വിവരം, 2015 -16 വര്‍ഷം പ്രവേശം നേടിയവരില്‍നിന്ന് ഈടാക്കിയ ഫീസിന്‍െറ ഇനംതിരിച്ചുള്ള വിവരം, ഈ വര്‍ഷം പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ മെറിറ്റ്, സംവരണ കാറ്റഗറി തിരിച്ചുള്ള പട്ടിക എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്ന സ്കൂളുകളില്‍ സീറ്റിന്‍െറ ആവശ്യകത ബോധ്യപ്പെടുന്നവക്ക് മാത്രമായിരിക്കും വര്‍ധന അനുവദിക്കുക.
നിശ്ചിത മാതൃകയിലെ അപേക്ഷയും അനുബന്ധ രേഖകളും തപാലിലോ നേരിട്ടോ കോഓഡിനേറ്റര്‍, ഐ.സി.ടി സെല്‍ (ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം), ഐ.ടി അറ്റ് സ്കൂള്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫിസ്, പൂജപ്പുര, തിരുവനന്തപുരം -12 വിലാസത്തില്‍ ആഗസ്റ്റ് നാലിന് വൈകീട്ട് നാലിന് മുമ്പ് സമര്‍പ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.