പെണ്‍കുട്ടിയെ അപമാനിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂര്‍: പെണ്‍കുട്ടിയെ ബസില്‍വെച്ച് അപമാനിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ തിരുവനന്തപുരം സ്വദേശി സുനില്‍കുമാറാണ് അറസ്റ്റിലായത്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന 17കാരിയാണ് അപമാനിതയായത്.

പെണ്‍കുട്ടി ഉള്‍പ്പെടുന്ന കുടുംബം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകാനായി ഇന്നു പുലര്‍ച്ചെ കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ നിന്നാണ് ബസില്‍ കയറിയത്. യാത്രക്കാരെല്ലാം ഉറങ്ങുന്ന നേരത്താണ് കണ്ടക്ടര്‍ പെണ്‍കുട്ടിയെ അപമാനിച്ചത്. പെണ്‍കുട്ടി നിലവിളിച്ചതോടെ ബസില്‍ ബഹളമായി. യാത്രക്കാര്‍ കണ്ടക്ടര്‍ക്കു നേരെ തട്ടിക്കയറിയെങ്കിലും ഫലമുണ്ടായില്ല. കുന്നംകുളത്ത് എത്തിയപ്പോള്‍ കുടുംബത്തെ ഇറക്കിവിട്ട് ബസ് തൃശൂരിലേക്ക് നീങ്ങി. പെണ്‍കുട്ടിയും ബന്ധുക്കളും കരയുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കാര്യം തിരക്കി അവരെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. കുന്നംകുളം പൊലിസ്, ഹൈവേ പൊലിസിനും തൃശൂര്‍ ഈസ്റ്റ് പൊലിസിനും വിവരം കൈമാറി.

കെ.എസ്.ആര്‍.ടി.സി തൃശൂര്‍ സ്റ്റേഷന്‍ അധികൃതര്‍ പൊലീസിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പീഡനവിഷയമാണെന്ന് അറിഞ്ഞതോടെ അയഞ്ഞു. ഇതിനിടക്ക് ബസിലെ ജീവനക്കാരെ മാറ്റി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമം നടത്തിയതായും ആരോപണമുണ്ട്. കുന്നംകുളം പൊലിസിന്‍െറ ആവശ്യപ്രകാരം സുനില്‍കുമാറിനെ കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം നടന്നത് ചങ്ങരംകുളം പോലിസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി.

കണ്ടക്ടറെ അകാരണമായി പൊലിസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് രാവിലെ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയും 10 മിനിറ്റോളം സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തെങ്കിലും പിന്നീട് പ്രതിഷേധം പിന്‍വലിച്ച് ജീവനക്കാര്‍ ജോലിക്ക് കയറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.