കരുനാഗപ്പള്ളി: 20 വർഷത്തോളമായി കരുനാഗപ്പള്ളിയിൽ ലൈസൻസില്ലാതെ ഓട്ടോ ഓടിച്ച ബി.ജെ.പി നേതാവ് ഒടുവിൽ കുടുങ്ങി. ‘താമരയണ്ണൻ’ എന്നറിയപ്പെടുന്ന ശൂരനാട് കരോട്ടയ്യത്ത് യശോധരനാണ് കരുനാഗപ്പള്ളിയിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിെൻറ പിടിയിലായത്.
ഓട്ടോറിക്ഷയിൽ താമരയും ബി. ജെ. പി നേതാക്കളുടെ ചിത്രവുമാണ്. ഓട്ടോയുടെ പേര് താമരയണ്ണൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച ഈ ഓട്ടോറിക്ഷയും ഡ്രൈവർ യശോധരനും പ്രശസ്തനാണ്. ബി.ജെ.പിയുടെ ഏത് പരിപാടി സംസ്ഥാനത്ത് എവിടെ ഉണ്ടെങ്കിലും ബി. ജെ.പി നേതാക്കളുടെ ചിത്രങ്ങൾ വെച്ച് അലങ്കരിച്ച വാഹനം അവിടെയെത്തും. കടുത്ത സംഘ പ്രവർത്തകനും ബി. ജെ. പി നേതാവുമാണ് യശോധരൻ.
20 വർഷത്തോളമായി ഓട്ടോറിക്ഷ ഓടിക്കുന്ന ഇയാൾ ലൈസൻസ് ഇല്ലാതെയാണ് ഇത്രയും നാൾ വാഹനം ഓടിച്ചിരുന്നത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്ഷനിൽ വെച്ച് മാസ്കും യൂണിഫോമും ധരിക്കാതെ ഓട്ടോയിലെത്തിയ ഇയാളെ പട്രോളിങ് സംഘം തടഞ്ഞു. തുടർന്നുള്ള പരിശോധനയിൽ ഇയാൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് കൺട്രോൾ റൂം എസ്.ഐ പ്രസന്നെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തൊടിയൂർ പാലത്തിനു സമീപമുള്ള സ്റ്റാൻഡിലാണ് ഇയാൾ ഓട്ടോ ഓടിച്ചിരുന്നത്.
കടുത്ത മോദി ഭക്തൻ കൂടിയായ ഇയാൾ തെൻറ ഓട്ടോക്ക് ‘മോഡിജി’ എന്നുകൂടി പേരു നൽകിയിരുന്നു. ഇയാൾ പിടിയിലായതോടെ രക്ഷിക്കാൻ ഉന്നതരിൽ ചിലർ രംഗത്തെത്തിയെങ്കിലും പൊലീസ് വഴങ്ങിയില്ല. വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി കരുനാഗപ്പള്ളി സി.ഐ എസ് മഞ്ജുലാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.