ന്യൂഡൽഹി: കൊച്ചിൻ മിനറൽസ് ആൻഡ് റൂടെയ്ൽ ലിമിറ്റഡ് (സി.എം.ആർ.എൽ) - എക്സാലോജിക് ഇടപാടിൽ 185 കോടിയുടെ അഴിമതി നടന്നെന്ന് കേന്ദ്രം. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്.എഫ്.ഐ.ഒ) നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയതായി ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച വാദത്തിൽ കേന്ദ്രം വ്യക്തമാക്കി. അഴിമതി കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു.
എസ്.എഫ്.ഐ.ഒ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്ലിന്റെ ഹരജിയിൽ നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെയും ആദായനികുതി വകുപ്പിന്റെയും ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്, സി.എം.ആർ.എൽ, കേരള വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) എന്നിവരുടെ ഇടപാടുകൾ അന്വേഷിക്കുന്ന എസ്.എഫ്.ഐ.ഒ നടപടിയെ കേന്ദ്രം കോടതിയിൽ ന്യായീകരിച്ചു.
ചരക്കുനീക്കത്തിനും മാലിന്യ നിർമാർജനത്തിനും ചെലവ് പെരുപ്പിച്ചുകാട്ടി സി.എം.ആർ.എൽ കണക്കിൽപ്പെടുത്തിയ 185 കോടി രൂപ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കും വീതിച്ചു നൽകി. കോർപറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് വൻ അഴിമതി നടത്തി. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് ഭീഷണിയാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേസിൽ പൊതുതാൽപര്യമില്ലെന്ന സി.എം.ആർ.എല്ലിന്റെ വാദവും കേന്ദ്രം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.