വേങ്ങര : എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടു 183 അക്കൗണ്ടുകളിലായി 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്കിൽ നിന്ന് സെക്രട്ടറി പദവിയിൽ വിരമിച്ചയാൾ പിറ്റേന്ന് തന്നെ ഡയറക്റ്റർ ആയി ചുമതല ഏറ്റെടുത്തതോടെയാണ് ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയതെന്ന് പറയുന്നു. യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തിലുള്ള ഡയറക്റ്റർ ബോർഡ് ആണ് ഇവിടെയുള്ളത്.
പുതുതായി ഡയറക്റ്റർ ആയി ചുമതല ഏറ്റെടുത്ത പഴയ സെക്രട്ടറിക്കെതിരെ ബാങ്ക് ഓഡിറ്ററുടെ പരാതി കൂടിയായതോടെയാണ് ആദായ നികുതി വകുപ്പ് ബാങ്കിൽ റെയ്ഡ് നടത്തിയത്. മാത്രമല്ല, സെക്രട്ടറിയായി വിരമിച്ചയാൽ ഉന്നത സ്വാധീനം ഉപയോഗപ്പെടുത്തി ബാങ്കിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി ചുമതല ഏൽക്കുകയും ചെയ്തത് ഭരണ കക്ഷിയിൽ പെട്ട ഡയറക്ട്ടർമാർക്കിടയിൽ മുറുമുറുപ്പിന് കാരണമായി. ഡയറക്റ്റർ ബോർഡ് അറിയാതെയാണ് വിരമിച്ച സെക്രട്ടറി പുതിയ ഡയറക്റ്റർ നോമിനിയായി രംഗപ്രവേശം ചെയ്തതെന്ന് ഡയറക്ട്ടർമാർക്ക് ആക്ഷേപമുണ്ട്.
2018 ൽ തന്നെ ബാങ്കിൽ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്‍റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്നത്തെ ബാങ്ക് സെക്രട്ടറി സ്വന്തം പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ 12 കോടിയുടെ ഇടപാട് നടത്തിയതായും ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ ഉദ്യോഗസ്ഥൻ 17 കോടിയോളം രൂപയുടെ വഴിവിട്ട ഇടപാട് നടത്തിയതായി സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നു ആക്ഷേപമുണ്ട്.
വിരമിച്ചതിനു ശേഷം ഇടതു സർക്കാറിലെ പ്രമുഖരുടെ തണലിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തികയിൽ നിയമിതനായ പഴയ സെക്രട്ടറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് ബാങ്ക് ഡയറക്ടർമാരിൽ ചിലർ പറയുന്നത്. അതേസമയം, ബാങ്കിൽ നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രതിയോഗികളുമാണ് തനിക്കെതിരെ കരുക്കൾ നീക്കുന്നതെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി. കെ ഹരികുമാർ പറയുന്നു.
എ. ആർ. നഗർ സർവ്വീസ് സഹകരണ ബാങ്കിനെ തകർക്കാൻ ശ്രമിക്കുന്നത് സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരെന്ന് ബാങ്ക് ഡയറക്ടർ ബോർഡും ജീവനക്കാരും വാർത്താ സമ്മേളനത്തിൻ ആരോപിച്ചു. ആദായ നികുതി വകുപ്പ് ആരോപിക്കുന്ന വിധം 187 പേർക്ക് അനധികൃത നിക്ഷേപം ഇല്ലെന്നും മുഴവൻ പേരുടേയും കെ. വൈ. സി ഹാജരാക്കാൻ കഴിയുമെന്നും ഇതിനകം തന്നെ 50 ലധികം പേർ ഉറവിടം ഹാജരാക്കി പണം പിൻവലിച്ചുവെന്നും ഭരണ സമിതി അവകാശപ്പെട്ടു.
ബാങ്ക് പ്രസിഡണ്ട് എ. പി അബ്ദുദുൽ അസീസ്, വൈസ് പ്രസിഡണ്ട് സി. കെ ആലസ്സൻകുട്ടി, മുൻ പ്രസിഡണ്ട് കെ. ടി അബ്ദുൽ ലത്തീഫ് , സെക്രട്ടറി പി വിജയ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
എ. ആർ. നഗർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിനു മുമ്പിൽ ധർണ്ണ നടത്തി. ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കുക, കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. സമരം സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വേലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാറമ്മൽ അദ്ധ്യക്ഷനായി. വി. പി സോമസുന്ദരൻ, ടി പ്രഭാകരൻ, പി. നരേന്ദ്രദേവ്, എം കൃഷ്ണൻ , പി. പ്രിൻസ് കുമാർ, പി. പരമേശ്വരൻ എന്നിവർ സംസാരിച്ചു. ഇ.വാസു സ്വാഗതവും, സി പി സലീം നന്ദിയും പറഞ്ഞു.
എ. ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തികയിൽ വി. കെ ഹരികുമാറിനെ പിൻവാതിൽ നിയമനം നടത്തിയവർക്കെതിരെ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ശക്തമായ സമര പരിപാടികളുമായി രംഗത്തുണ്ടാകുമെന്ന് യൂത്ത് ലീഗ് എ.ആർ നഗർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് യാസർ ഒള്ളക്കൻ പറഞ്ഞു. സഹകരണ ബാങ്കിൽ അവിഹിതമായി വല്ലതും നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.