തിരുവനന്തപുരം: ആസ്പിൻവാൾ കമ്പനിക്ക് 1912 ൽ പാട്ടത്തിന് നൽകിയ ഭൂമി സർക്കാർ തിരിച്ചെടുക്കുന്നു. എറണാകുളം ഫോർട്ട് കൊച്ചി വില്ലേജിലെ രാമൻതുരുത്തിലുള്ള 13.91 ഏക്കർ ഭൂമിയാണ് തിരിച്ചെടുക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിട്ടത്. ഈ ഭൂമി ബ്രിട്ടീഷ് സർക്കാർ 1912 സെപ്റ്റംബർ അഞ്ചിലെ ഉത്തരവ് പ്രകാരമാണ് പ്രതിവർഷം 1100 രൂപക്ക് ആസ്പിൻവാൾ കയർ കമ്പനിക്ക് പാട്ടത്തിന് നൽകിയത്.
ഭൂമി കൊച്ചിൻ പോർട്ട് ട്രസ്റ്റിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് ചെയർമാൻ 2018 നവംബർ 14ന് കത്തു നൽകിയിരുന്നു. തുടർന്നാണ് റവന്യൂവകുപ്പ് നടപടി തുടങ്ങിയത്. പരിശോധനയിൽ പാട്ടത്തിന് നൽകിയ 13.91 ഏക്കറിൽ ആസ്പിൻവാൾ കമ്പനി 30 സെൻറ് ഭൂമി മറ്റൊരു വ്യക്തിക്ക് പാട്ട വ്യവസ്ഥകൾ ലംഘിച്ച് ബോട്ട് യാർഡ് നിർമിക്കുന്നതിന് നൽകിയത് കണ്ടെത്തി. പാട്ടവ്യവസ്ഥ ലംഘിച്ച സാഹചര്യത്തിൽ കരാർ റദ്ദാക്കി, ഭൂമി സർക്കാറിലേക്ക് തിരിച്ചെടുക്കാൻ ഉത്തരവായിരുന്നു.
എന്നാൽ, കയർകമ്പനി ജീവനക്കാരായ അഞ്ച് കുടുംബങ്ങൾ ഇവിടെ 25 സെൻറ് സ്ഥലത്ത് ഏറെക്കാലമായി താമസിക്കുന്നത് തടസ്സമായി. ഭൂമി സർക്കാർ ഏറ്റെടുക്കുന്നെങ്കിൽ ഇൗ കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി മറ്റേതെങ്കിലും ഭൂമി നൽകണമെന്ന് ലാൻഡ് റവന്യൂ കമീഷണർ 2019 ആഗസ്റ്റ് 20ന് കത്തുനൽകി. ഇൗ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നടപടി സ്വീകരിച്ച് ഭൂമി തിരിച്ചെടുക്കാനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.