രതീഷ് (43),സന്തോഷ് (57)
അങ്കമാലി: കോതകുളങ്ങരയിലെ പ്രവർത്തിക്കാത്ത സിമൻ്റ് ഇഷ്ടിക നിർമ്മാണ കേന്ദ്രത്തിൽ വ്യാജമദ്യം നിർമ്മിക്കുന്നതിന് അതീവ രഹസ്യമായെത്തിച്ച 1248 ലിറ്റർ സ്പിരിറ്റും, രണ്ട് പ്രതികളും എക്സൈസ് പിടിയിൽ. സ്പിരിറ്റ് കടത്താൻ ഉപയോഗിക്കുന്ന പിക്കപ് വാനും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. എം.ഡി.എം.എ, കാപ്പ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. കൊല്ലം ചാത്തന്നൂർ പി.ജെ. നിവാസിൽ രതീഷ് (43), പറവൂർ ചെറിയപല്ലംതുരുത്ത് കാക്കനാട്ട് വീട്ടിൽ സന്തോഷ് (57) എന്നിവരാണ് എക്സൈസിൻ്റെ മിന്നൽ പരിശോധനയിൽ പിടിയിലായത്.
അങ്കമാലി എക്സൈസ് ഇൻസ്പെക്‌ടർ എ.വിപിൻദാസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. ദേശീയപാതയിൽ കോതകുളങ്ങരക്ക് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇഷ്ടിക നിർമ്മാണത്തിലെത്തിച്ച സ്പിരിറ്റ് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് എക്സൈസ് മിന്നൽ പരിശോധനക്കെത്തിയത്.
കർണാടകയിൽ നിന്ന് പിക്കപ് വാനിൽ ഉമി ചാക്കുകൾക്കടിയിൽ കന്നാസുകൾ നിരത്തിവച്ചാണ് സ്പിരിറ്റ് അങ്കമാലിയിലെത്തിച്ചത്. 39 കന്നാസുകളിലായാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്. ചെറിയ കുപ്പികളിലാക്കി ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. ഇഷ്ടിക നിർമാണ യൂനിറ്റിനോടു ചേർന്ന മുറിയിൽ നിന്ന് 500 മില്ലി ലിറ്ററിന്റെ 100ഓളം പ്ലാസ്‌റ്റിക് കുപ്പികളും കണ്ടെടുത്തു. അങ്കമാലി സ്വദേശി ബൈജുവാണ് ബ്രിക്‌സ് യൂനിറ്റ് വാടകക്കെടുത്ത് നടത്തുന്നത്. കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിക്കും.
ഓണക്കാലത്തോടനുബന്ധിച്ച് എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ സ്പെഷൽ ഡ്രൈവി'ൻ്റെ ഭാഗമായ പരിശോധനകളിലാണ് സ്‌പിരിറ്റ് പിടികൂടിയത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാജമദ്യം നിർമ്മിക്കുന്ന കണ്ണികളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്നാണ് സൂചന. കൊടുങ്ങല്ലൂരിൽ വച്ച് സംഘാഗംങ്ങളായ ചിലർ എക്സൈസിൻ്റെ പിടിയിലായി. അവരെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കോതകുളങ്ങരയിലേക്ക് സ്പിരിറ്റ് കടത്തിയിട്ടുള്ള സംഘത്തെക്കുറിച്ചും സൂചന ലഭിച്ചതത്രെ.
ഗോഡൗണിൽ നിന്ന് പിടിയിലായവർക്കൊപ്പം മറ്റ് ചിലരും സ്പിരിറ്റ് സംഘത്തിലുണ്ടായിരുന്നതായാണ് സൂചന. സ്പിരിറ്റ് കടത്ത് തുടങ്ങിയിട്ട് എത്ര നാളായി എന്നത് സംബന്ധിച്ചും, എവിടെ നിന്ന് എങ്ങോട്ടെക്കെല്ലാം കൊണ്ടു പോകുന്നു, ആരെല്ലാം പിന്നിൽ പ്രവർത്തിക്കുന്നു തുടങ്ങിയവ സംബന്ധിച്ചെല്ലാം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ കൊല്ലം സ്വദേശി രതീഷ് കാപ്പ, എം.ഡി.എം.എ കേസുകളിലും, പറവൂർ സ്വദേശി സന്തോഷ് എം.ഡി.എം.എ കേസിലും പ്രതിയാണ്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പത്മകുമാർ, പി.കെ.ബിജു, സുരേഷ് ബാബു, രഞ്ജു എൽദോ തോമസ്, വി.എസ്. ഷൈജു, പ്രിവൻ്റീവ് ഓഫീസർമാരായ ഷിബു, രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ അജീഷ്, നൗഫൽ, സൽമാനുൾ ഫാരിസ്, സജീഷ് എന്നിവരുൾപ്പെട്ട എക്സൈസ് സംഘമാണ് പിടികൂടിയത്.
ചിത്രം:-
അങ്കമാലി കോതകുളങ്ങരയിലെ പ്രവർത്തിക്കാത്ത സിമൻ്റ് ഇഷ്ടിക നിർമ്മാണ കേന്ദ്രത്തിൽ നിന്ന് എക്സൈസ് പിടികൂടിയ 1248 ലിറ്റർ സ്പിരിറ്റ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.