കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 518 പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വികൾ സ്ഥാപിച്ചെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. മാഞ്ഞൂര്‍, വൈത്തിരി സ്റ്റേഷനുകളിലാണ് സി.സി.ടി.വി സ്ഥാപിക്കാനുള്ളത്. മാഞ്ഞൂർ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കാത്തതും വൈത്തിരി സ്റ്റേഷന്റെ പുതിയ കെട്ടിട നിർമാണം വൈകിയതുമാണ് കാരണം. പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനം നൽകിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം.
രണ്ടാം ഘട്ടത്തിൽ 20 സൈബർ സ്റ്റേഷനുകളും എട്ട് തീരദേശ സ്റ്റേഷനുകളും ഉൾപ്പെടെ 28 എണ്ണത്തിൽകൂടി സി.സി.ടി.വി സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. 2026 ജനുവരി 27നകം പൂർത്തീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
രാത്രി ഉൾപ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 12 സി.സി.ടി.വികളാണ് ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിരിക്കുന്നത്. ഇന്‍സ്‌പെക്ടറുടെയും സബ് ഇന്‍സ്‌പെക്ടറുടെയും മുറികള്‍, ലോക്കപ്പിന് മുന്നിലെ ഇടനാഴി, റിസപ്ഷന്‍, സ്റ്റേഷന്റെ പ്രവേശന കവാടം, പിന്‍ഭാഗം എന്നിവ ഉള്‍പ്പെടും. ശബ്ദം ഉൾപ്പെടെ റെക്കോഡ് ചെയ്യും. ദൃശ്യങ്ങളില്‍ ക്രമക്കേട് നടത്തിയാല്‍ കണ്ടെത്താന്‍ കഴിയും.
ഓരോ സ്റ്റേഷനിലും എട്ട് ടി.ബിയുടെ 16 ഹാര്‍ഡ് ഡിസ്‌കുകളും അനുവദിച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തോളം ഡേറ്റ സൂക്ഷിക്കാനാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.