ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍ -മന്ത്രി വീണാ ജോര്‍ജ്.

കോഴിക്കോട് : സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമായ ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി മന്ത്രി വീണാ ജോര്‍ജ്. മലബാര്‍ കാന്‍സര്‍ സെന്ററിലെ രജിസ്ട്രിയുടെ പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ കാലയളവിനുള്ളില്‍ അനുയോജ്യരായ ഇത്രയും ദാതാക്കളെ കണ്ടെത്താനായത് വലിയ നേട്ടമാണ്.

മജ്ജ മാറ്റിവെക്കല്‍ ചികിത്സയ്ക്ക് കാത്തിരിക്കുന്നവര്‍ക്ക് ഇതേറെ സഹായകരമാണ്. രക്തജന്യ രോഗങ്ങളുടെ ചികിത്സ ചെലവ് ഗണ്യമായി കുറക്കുവാന്‍ രജിസ്ട്രി സഹായിക്കും. രജിസ്ട്രിക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണം ഇ ഹെല്‍ത്ത് കേരള വഴി പുരോഗമിക്കുകയാണ്. മാത്രമല്ല വേള്‍ഡ് മാരോ ഡോണര്‍ അസോസിയേഷനുമായി രജിസ്ട്രിയെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നു. രജിസ്ട്രിക്കായി ഈ ബജറ്റില്‍ ഒരു കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രക്താര്‍ബുദം ബാധിച്ചവര്‍ക്ക് ഏറെ ഫലപ്രദമായ ചികിത്സയാണ് മജ്ജ മാറ്റിവെക്കല്‍ ചികിത്സ. വളരെയേറെ ചെലവ് വരുന്നതാണ് ഈ ചികിത്സ. മാത്രമല്ല ചികിത്സയ്ക്കായി അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിനും വളരെയേറെ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ ആറ് ബോണ്‍മാരോ രജിസ്ട്രികള്‍ മാത്രമാണുള്ളത്. ഒരു രോഗിക്ക് യോജിച്ച മൂലകോശം ലഭിക്കണമെങ്കില്‍ നിലവില്‍ എട്ട് ലക്ഷത്തിലധികം രൂപ ചെലവ് വരും.

ഈയൊരു സാഹചര്യത്തിലാണ് മജ്ജ മാറ്റിവെക്കല്‍ ചികിത്സ ചെലവ് ഗണ്യമായി കുറക്കുക, യോജിച്ച മൂലകോശ ലഭ്യത കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ 160 ഓളം മജ്ജ മാറ്റിവെക്കല്‍ ചികിത്സ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ചായി പ്രഖ്യാപിച്ചിരുന്നു. എംസിസിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആയി ഉയര്‍ത്തുന്നതിനായി കിഫ്ബി വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒന്നാം ഘട്ടത്തില്‍ 80 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 398 കോടി രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം അന്തിമഘട്ടത്തിലാണ്. രണ്ടാം ഘട്ടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Tags:    
News Summary - 112 donors in Bonmaro Donor Registry -Minister Veena George.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.