തിരുവനന്തപുരം: വിരമിച്ചവരുടെ പുനർനിയമനം പരിശോധിച്ച് റദ്ദാക്കാൻ സർക്കാർ നീക്കം. അധികാരത്തിലേറിയ സമയത്ത് ഈ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ തീരുമാനപ്രകാരമാണ് നടപടി. ഇന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി. ഇതിന്റെ ആദ്യപടിയായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഉഷ ടൈറ്റസിനെ അസാപ് (ASAP) സി.എം.ഡി സ്ഥാനത്തുനിന്ന് നീക്കി.
പിണറായി സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐ.എ.എസിനെ അസാപ് സി.എം.ഡിയാക്കിയത് വിവാദമായിരുന്നു. ഇങ്ങനെ വിരമിച്ച ഉദ്യോഗസ്ഥർക്ക് നൽകിയ പുനർനിയമനങ്ങളെല്ലാം പരിശോധിക്കാനാണ് സർക്കാർ തീരുമാനം.
2021-ൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡിയായി നിയമിച്ച് ഉത്തരവിറങ്ങിയത്. ഇഷ്ടക്കാർക്ക് വേണ്ടി അതിനിയമനം നടത്തുന്നുവെന്ന കുറ്റപ്പെടുത്തലും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറിയുടെ എതിർപ്പ് തള്ളിയാണ് ഉഷ ടൈറ്റസിന് വേണ്ടി മാത്രമാണ് അസാപിനെ കമ്പനിയാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
സ്കൂളുകളിലും കോളജുകളിലും നൈപുണ്യ വികസനം, പരിശീലനം, തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗനിർദേശം എന്നിവ ലക്ഷ്യമിട്ട് 2012-ലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.