ആലുവ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം : ഏഴിടങ്ങളിൽ മതസൗഹാർദ സംഗമം നടത്തുമെന്ന് സജി ചെറിയാൻ

ആലുവ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം : ഏഴിടങ്ങളിൽ മതസൗഹാർദ സംഗമം നടത്തുമെന്ന് സജി ചെറിയാൻതിരുവനന്തപുരം: ശ്രീ നാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക വകുപ്പ് ശ്രീ നാരായണ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ മതസൗഹാർദ സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഫെബ്രുവരി 17 ന് ചെമ്പഴന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി ആലുവയിൽ സമാപിക്കും. ചെമ്പഴന്തി ഗുരുകുലം അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർത്തമാന കാലത്ത് പ്രസക്തമായ വിഷയമായതിനാലാണ് വിവിധ മത വിഭാഗങ്ങളെ ഉൾപ്പെടുത്തി സാംസ്കാരിക കൺവൻഷനുകൾ നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെയും ജീവിതരീതിയെയും സംബന്ധിച്ച പ്രഭാഷണങ്ങളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും. എല്ലാ മത - സമുദായങ്ങളെയും സംഗമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തിലെ മതസൗഹാർദ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായുള്ള സംഘാടക സമിതിയും രൂപീകരിച്ചു.

മന്ത്രി സജി ചെറിയാൻ, മേയർ ആര്യാ രാജേന്ദ്രൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ശ്രീനാരായണ ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ രക്ഷാധികാരികളായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. കടകംപള്ളി സുരേന്ദ്രൻ എം.എൽഎ ചെയർമാനും ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, നഗരസഭാ കൗൺസിലർമാർ, ചെമ്പഴന്തി ഗുരുകുലത്തിലെ സ്വാമി അഭയാനന്ദ, രാഷ്ട്രീയ -സാംസ്കാരിക-സാമുദായിക രംഗത്തെ പ്രമുഖർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ വൈസ് ചെയർമാൻമാരുമാണ്.

ശ്രീ നാരായണ അന്താരാഷ്ട്ര പഠന കേന്ദ്രം ഡയറക്ടർ പ്രഫ. ശിശുപാലനെ സംഘാടക സമിതി ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ ചെമ്പഴന്തി ഉദയൻ , വിവിധ സാമുദായിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ തുടങ്ങിയവരും പങ്കെടുത്തു.

News Summary - 100th anniversary of Aluva interfaith conference: Saji Cherian to hold interfaith gathering at seven places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.