ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങൾ; വിടവാങ്ങിയത് മരാമത്ത് വകുപ്പിനെ പരിഷ്കരിച്ച മന്ത്രി

കൊച്ചി: ചരിത്ര പ്രധാന്യമുള്ള നിരവധി പദ്ധതികളും പ്രവൃത്തികളും നടപ്പാക്കിയ മന്ത്രിയായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞ്. ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങൾ‍ നിർമിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് പൂർത്തിയാക്കിയതാണ് അതിൽ ശ്രദ്ധേയം. 2011 മുതൽ 2016 വരെയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതല വഹിച്ചത്.

വ്യവസായ, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ‍ സ്പീഡ് കേരള പദ്ധതിക്ക് രൂപം നൽ‍കാനായി. പദ്ധതിയുടെ ഭാഗമായി അടിയന്തര പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങളിൽ‍ ഫ്ലൈഓവറുകൾ,‍ റിങ് റോഡുകൾ‍, പാലങ്ങൾ‍ എന്നിവ നിർമിക്കാൻ‍ നടപടിയെടുത്തു. നഷ്ടപ്പെട്ട ലോക ബാങ്ക് സഹായം കേരളത്തിന് വീണ്ടും ലഭ്യമാക്കാനായി. ലോക ബാങ്ക് സഹായത്തോടെയുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾ‍ക്കും തുടക്കംകുറിച്ചു.

കേന്ദ്രസർക്കാർ 2013ൽ‍ കൊണ്ടുവന്ന സ്ഥലമെടുപ്പ് നിയമത്തിന് അനുസൃതമായി സംസ്ഥാനത്ത് ചട്ടങ്ങൾ കൊണ്ടുവന്നതും ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരിക്കെയാണ്. നാല് പതിറ്റാണ്ട് പഴക്കമുള്ള പി.ഡബ്ല്യു.ഡി മാനുവൽ‍ പരിഷ്കരിക്കാൻ സാധിച്ചതും എല്ലാ ജില്ലകളിലും നിർമാണ പ്രവർത്തനങ്ങളുടെ ഗുണമേന്മ പരിശോധനക്കായി ക്വാളിറ്റി ലാബുകൾ‍ സ്ഥാപിച്ചതും പ്രധാന ഭരണ നേട്ടമാണ്. നിർമാണ പ്രവർത്തികൾ‍ മത്സരാധിഷ്ഠവും സുതാര്യവുമാക്കാൻ‍ ഇ-ടെണ്ടറും, ഇ-പെയ്മെൻറും നടപ്പാക്കാനും അദ്ദേഹത്തിന് സാധിച്ചു.

ശബരിമലയിലേക്കുള്ള റോഡുകൾ‍ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ഉയർത്തിയതും ദീർഘകാലമായി മുടങ്ങിയിരുന്ന കണമലപ്പാലം നിർമാണം പൂർത്തിയാക്കുകയും ചെയ്തു. സംസ്ഥാനത്തെ പാലങ്ങൾ‍ക്കും റോഡുകൾ‍ക്കും മൂന്ന് വർഷത്തെ പെർഫോമൻ‍സ് ഗ്യാരന്‍റി ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പാക്കി. കരാർ വെയ്ക്കുമ്പോൾ‍ തന്നെ ഈ വ്യവസ്ഥകൾ‍ അംഗീകരിച്ച് മാത്രമേ എഗ്രിമെന്‍റ് എക്സിക്യൂട്ട് ചെയ്യാൻ‍ സാധിക്കൂ എന്ന അവസ്ഥ ഉണ്ടാക്കി. ബജറ്റ് വിഹിതത്തിന്‍റെ 300 ഇരട്ടിവരെ നിർമാണ പ്രവർത്തനങ്ങൾ‍ക്ക് ഫണ്ട് ലഭ്യമാക്കി. ഇന്ത്യയിൽ ആദ്യമായി 50-50 കോസ്റ്റ് ഷെയറിൽ‍ ആലപ്പുഴ-കൊല്ലം ബൈപാസുകളുടെ പണി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കാനും ഇദ്ദേഹത്തിനായി.

കളമശ്ശേരിയിലെ നുവാൽ‍സ് (നാഷനൽ‍ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ‍ സ്റ്റഡീസ്) സ്ഥിതിചെയ്യുന്ന 10 ഏക്കർ സ്ഥലം കിൻഫ്രയിൽ‍നിന്ന് സൗജന്യമായി അനുവദിച്ച് നൽ‍കിയത് ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയായപ്പോഴായിരുന്നു. കേരളത്തിൽ‍ ആദ്യമായി സ്റ്റാർട്ട് അപ് വില്ലേജ് തുടങ്ങിയത് അദ്ദേഹത്തിന്‍റെ മണ്ഡലമായിരുന്ന കളമശ്ശേരിയിലാണ്.

മുടങ്ങിക്കിടന്ന സീപോർ‍ട്ട് എയർ‍പോർ‍ട്ട് റോഡിന്‍റെ മൂന്നാംഘട്ടം-എച്ച്.എം.ടി മുതൽ‍ മണലിമുക്ക് വരെ സ്ഥലം ഏറ്റെടുത്ത് റോഡ് നിർമാണവും രണ്ട് പാലങ്ങളും നിർമിച്ചു. മുൻ സർക്കാർ സഹകരണ മേഖലയിൽ പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന കളമശ്ശേരി മെഡിക്കൽ കോളജ് സർക്കാറിനെ കൊണ്ട് ഏറ്റെടുപ്പിക്കുകയും അവിടെ അന്നേവരെ ഉണ്ടായിരുന്ന ഡോക്ടർ, പാരാ മെഡിക്കൽ സ്റ്റാഫുകൾ, മറ്റ് ജീവനക്കാർ എന്നിവരെ സ്ഥിരപ്പെടുത്തുകയും ചെയ്തതും വി.കെ. ഇബ്രാംഹിംകുഞ്ഞിന്‍റെ ഇടപെടലിൽ കൂടിയായിരുന്നു.

Tags:    
News Summary - 100 bridges were completed in 400 days; reformed the Public Works Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.