ഫയൽ ഫോട്ടോ
തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം സംസ്ഥാനത്തെ ആശ വർക്കർമാർക്കും സാധാരണക്കാരായ തൊഴിലാളികൾക്കും വലിയ ആശ്വാസമേകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് കാലത്ത് ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അവരുടെ ഓണറേറിയത്തിൽ 3,000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചു.
ഇതോടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 9,000 രൂപ 12,000 രൂപയായി ഉയരും. കൂടാതെ ആശ വർക്കർമാരുടെ വിരമിക്കൽ ബെനിഫിറ്റിലും മാറ്റം വരുത്തുമെന്ന് ആദ്യ വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
എല്ലാം ചെയ്യണമെന്നുണ്ടെന്നും ഇത് ആദ്യ ഘട്ടം മാത്രമാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് തുക വീണ്ടും വർധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
നേരത്തെ ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കർമാർ നടത്തിയ സമരവേദിയിൽ, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനമുണ്ടാകുമെന്ന് വി.ഡി. സതീശൻ ഉറപ്പ് നൽകിയിരുന്നു.
ആശ വർക്കർമാർക്ക് പുറമെ മറ്റ് താൽക്കാലിക-വേതന തൊഴിലാളികൾക്കും ആദ്യ ഘട്ടമെന്ന നിലയിൽ വേതന വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ തുകയല്ലെന്ന് അറിയാമെന്നും എന്നാൽ സർക്കാരിന്റെ കരുതലിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അംഗൻവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും 1,000 രൂപ വീതം വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.