കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ജലീഷ് പീറ്ററിനെ സർവകലാശാലയിലെ എസ്.എഫ്.ഐ വിദ്യാർഥികൾ ഓഫീസിൽ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി.14ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. പതിനഞ്ചോളം വരുന്ന പ്രവർത്തകർ ഓഫീസിൽ കയറി വധഭീഷണി മുഴക്കുകയായിരുന്നു.
കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിന് ശേഷം വനിത വൈസ് ചാൻസലറെയും, സിൻഡിക്കേറ്റ് അംഗങ്ങളെയും തടയുകയും, വൈസ് ചാൻസലറുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തുകയും ചെയ്ത എസ്.എഫ്.ഐ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. നാല് പേരെ പൊലീസ് പിടി കൂടുകയും ചെയ്തിരുന്നു. കാമ്പസിന് വെളിയിൽ വച്ച് തീർത്ത് കളയുമെന്നാണ് സർവകലാശാലയിലെ തീയറ്റർ വിഭാഗം വിദ്യാർഥി ശിവ ഭീഷണിപ്പെടുത്തിയതെന്ന് ജലീഷ് പീറ്റർ നൽകിയ പരാതിയിൽ പറയുന്നു.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതായും പരാതിയിലുണ്ട്. റിതിഷ ഋതു, പി.എസ്. അർച്ചന എന്നിവർ പല തവണ ഇതേ ഭീഷണി ആവർത്തിച്ചതായും പരാതിയിൽ പറയുന്നു. ജിഷ്‌ണു, ശിവ, പി.എസ് അർച്ചന, റിതിഷ ഋതു, അതുല്യ, അദ്വൈത് എന്നിവരുടെ നേതൃത്വത്തിലാണ് ഒരു സംഘം എസ്.എഫ്.ഐ വിദ്യാർഥികളെത്തി വധഭീഷണി മുഴക്കിയത്. വധഭീഷണി മുഴക്കി, ജലീഷ് പീറ്ററിന്‍റെ ഫോട്ടോയുമെടുത്താണ് സംഘം മടങ്ങിയത്. വൈസ് ചാൻസലർക്കും, രജിസ്ട്രാർക്കുമാണ് പരാതി നൽകിയത്. പരാതി സർവകലാശല പൊലീസിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.