ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്. ഉൾച്ചിത്രത്തിൽ വി.ഡി. സവർക്കർ, ത്രൈലോക്യ നാഥ് ചക്രവർത്തി എന്നിവർ
കോഴിക്കോട്: മൂന്ന് മാപ്പേക്ഷകളിലൂടെ തടവ് ശിക്ഷ വെട്ടിച്ചുരുക്കി 14 വർഷം മാത്രം ജയിലിൽ കഴിഞ്ഞ വിനായക് ദാമോദർ സവർക്കർ അല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഷം ജയിലിൽ കിടന്ന സ്വാതന്ത്ര്യസമരസേനാനിയെന്ന് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ്. മാപ്പപേക്ഷ എഴുതിത്തന്നാൽ മോചിപ്പിക്കാമെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് വാഗ്ദാനം ചെയ്തപ്പോൾ ധൈര്യപൂർവം നിരസിച്ച ത്രൈലോക്യ നാഥ് ചക്രവർത്തിയാണ് ഏറ്റവും കൂടുതൽ കാലം തടവറയിൽ കിടന്ന സ്വാതന്ത്ര്യസമരസേനാനി. 30 വർഷത്തിൽപരമാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചത് -ജി.എസ്. പ്രദീപ് പറഞ്ഞു.
കോഴിക്കോട് ‘മാധ്യമം ഫ്രീഡം ക്വിസ്’ -ഗ്രാൻഡ് ഫിനാലെ മത്സരത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു ജി.എസ്. പ്രദീപ്. ക്വിസിന്റെ അവസാന ചോദ്യമായാണ് ‘ഇന്ത്യയുടെ ചരിത്രത്തിൽ സ്വാതന്ത്ര്യസമര പ്രവർത്തനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര്’ എന്നത് ഉന്നയിച്ചത്. ഗ്രാൻഡ് ഫിനാലെ ചാമ്പ്യനായ പത്തനംതിട്ട തോട്ടക്കോണം ജി.എച്ച്.എസ്.എസിലെ ശിഹാദ് ഷിജു ശരിയുത്തരം പറഞ്ഞു.
‘നമ്മൾ അവസാനത്തെ യാത്രക്കാരല്ല. നമുക്ക് ശേഷം വരുന്ന തലമുറ, നമ്മുടെ കുഞ്ഞുങ്ങൾ, അവർക്ക് ശേഷമുള്ള അടുത്ത തലമുറ അവരെയൊക്കെ തെറ്റായ വിവരം പഠിപ്പിക്കുന്നതാണ് ഒരു സമൂഹത്തിൽ ഉണ്ടാകാവുന്ന ഏറ്റവും വലിയ അപകടം. മൂന്നു തവണ ബ്രിട്ടീഷ് അധികൃതർ ത്രൈലോക്യ നാഥ് ചക്രവർത്തിയോട് മാപ്പപേക്ഷ കൊടുക്കാൻ ആവശ്യപ്പെട്ടു. മാപ്പപേക്ഷ കൊടുത്ത് ജയിലിൽനിന്ന് വിടുതൽ വാങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ‘എന്റെ രാജ്യത്തിനോടുള്ള എന്റെ ദേശാഭിമാനമാണ് ഞാൻ ഉയർത്തിപ്പിടിക്കുന്നത്, മാപ്പപേക്ഷ തരാൻ സൗകര്യമില്ല’ എന്നായിരുന്നു.
മഹാരാജ എന്ന വിളിപ്പേരുള്ള ത്രൈലോക്യനാഥ ചക്രവർത്തി രാജാവൊന്നുമല്ല. അയാളുടെ ധിഷണയാണ് ആളുകളെ കൊണ്ട് മഹാരാജ എന്ന് വിളിക്കാൻ പ്രേരിപ്പിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അദ്ദേഹം. ആദ്യം ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ സോഷ്യലിസ്റ്റ് ആർമിയിലും (എച്ച്.ആർ.എസ്.ആർ) പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായും ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് 30ൽ പരം വർഷങ്ങൾ തടവിൽ കിടന്നു.
സവർക്കർ 27 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടുവെങ്കിലും തുടർച്ചയായി മൂന്ന് തവണ മാപ്പെഴുതി നൽകി 14 വർഷം മാത്രമാണ് തടവനുഭവിച്ചത്. വിനായ ദാമോദർ സവർക്കർ അല്ല തൈലോക്യ നാഥ ചക്രവർത്തിയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഷം ജയിലിൽ കിടന്ന സ്വാതന്ത്ര്യസമരസേനാനി എന്ന് രേഖപ്പെടുത്തലാണ് ഈ ദിവസം ഇവിടെ അറിയിക്കാൻ ആഗ്രഹിക്കുന്നത്. ഈ ഒരു ചോദ്യം ഇന്നല്ലെങ്കിൽ പിന്നെ എന്നാണ് ചോദിക്കുക’ -ജി.എസ്. പ്രദീപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.