അടിമത്ത’ത്തില്‍ ഇന്ത്യ ഒന്നാമത്

മെല്‍ബണ്‍: ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതലാളുകള്‍ അടിമത്തത്തില്‍ കഴിയുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. 18.35 ദശലക്ഷം ജനങ്ങളാണ് റിപ്പോര്‍ട്ട് പ്രകാരം സ്വാതന്ത്ര്യമില്ലാതെ കഴിയുന്നത്. വേശ്യാവൃത്തിക്കും യാചനക്കുമാണ് അടിമത്തത്തിന്‍െറ ആധുനികരൂപം ബന്ധനസ്ഥരാക്കിയിരിക്കുന്നതെന്ന് പഠനം പറയുന്നു. ആസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ വാക് ഫ്രീ ഫൗണ്ടേഷനാണ് ആഗോള അടിമത്ത സൂചിക പുറത്തുവിട്ടത്. 2014ലെ കണക്കുപ്രകാരം ഇന്ത്യയില്‍ അടിമത്തത്തില്‍ കഴിയുന്നവരുടെ എണ്ണം 14.3 ദശലക്ഷമായിരുന്നു. ഇന്ത്യ, ചൈന, പാകിസ്താന്‍, ബംഗ്ളാദേശ്, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലാണ് ലോകത്തെ 58 ശതമാനം അടിമകളും കഴിയുന്നത്.

167 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.ഭീഷണി, അതിക്രമം, സമ്മര്‍ദം, പീഡനം എന്നിവ ഭയന്ന് നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍നിന്നും മോചിതരാകാന്‍ കഴിയാത്തവരെയാണ് അടിമകള്‍ എന്ന് വിവക്ഷിക്കുന്നത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലാണ് സംഘടന പഠനം നടത്തിയത്. ലക്സംബര്‍ഗ്, അയര്‍ലന്‍ഡ്, നോര്‍വേ, ഡെന്മാര്‍ക്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, സ്വീഡന്‍, ബെല്‍ജിയം എന്നിവയാണ് അടിമത്തം കുറഞ്ഞ രാജ്യങ്ങള്‍. എന്നാല്‍, പ്രശ്നം പരിഹരിക്കുന്നതിന് ഏറെ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്ന് പഠനം പറയുന്നു.

ഐക്യരാഷ്ട്രസഭ ചട്ടപ്രകാരം മനുഷ്യക്കടത്ത് തടയുന്നതിന് നിയമനിര്‍മാണം നടത്തിയിട്ടുള്ളതിന് പുറമെ, ഇരകള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന രീതിയില്‍ തൊഴില്‍നിയമങ്ങളിലും ഇന്ത്യ ഭേദഗതികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു.റിപ്പോര്‍ട്ട് പ്രകാരം നെതര്‍ലന്‍ഡ്സ്, യു.എസ്.എ, യു.കെ, സ്വീഡന്‍, ആസ്ട്രേലിയ, പോര്‍ചുഗല്‍, ക്രൊയേഷ്യ, സ്പെയിന്‍, ബെല്‍ജിയം, നോര്‍വേ എന്നീ രാജ്യങ്ങളാണ് ആധുനിക അടിമത്തത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്. അടിമത്തനിരോധത്തില്‍ വ്യവസായങ്ങള്‍ക്ക് ഏറെ പങ്കുവഹിക്കാനുണ്ടെന്ന് വാക് ഫ്രീ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആന്‍ഡ്രൂ ഫോറസ്റ്റ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.