മ്യൂണിക് വെടിവെപ്പിന് ഐ.എസുമായി ബന്ധമില്ല

ബര്‍ലിന്‍: ജര്‍മനിയിലെ മൂന്നാമത്തെ വലിയ നഗരമായ മ്യൂണിക്കില്‍ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന്‍െറ കാരണം തേടി പൊലീസ് വിയര്‍ക്കുകയാണ്. ആക്രമി അലി ഡേവിഡ് സൊന്‍ബോളി ആണെന്ന് തിരിച്ചറിഞ്ഞു. ആളുകള്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ത്ത അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഹനൗര്‍ സ്ട്രീറ്റിലെ ഷോപ്പിങ്മാളിന് സമീപമുള്ള റസ്റ്റാറന്‍റിലായിരുന്നു വെടിവെപ്പ് തുടങ്ങിയത്. അതിനുശേഷം ഒളിമ്പിയ മാളിലേക്ക് കടന്ന അക്രമി നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. ജര്‍മന്‍-ഇറാന്‍ പൗരത്വമുള്ള 18കാരനാണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ളെന്ന് പൊലീസ് അറിയിച്ചു. അതേസമയം അക്രമത്തിന് പിന്നിലെ കാരണം അജ്ഞാതമായി തുടരുകയാണ്. സംഭവത്തില്‍ മൂന്നുപേര്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

 സംഭവത്തെതുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ അടിയന്തരസുരക്ഷായോഗം വിളിച്ചുചേര്‍ത്തു. 84 പേര്‍ കൊല്ലപ്പെട്ട നീസ് ആക്രമണത്തിന് പിന്നാലെയാണ് സംഭവം. ഏതാനും ദിവസം മുമ്പ് ജര്‍മന്‍ നഗരമായ ബവേറിയയില്‍ ട്രെയിന്‍ യാത്രക്കാരെ അക്രമി കത്തിയും മഴുവും ഉപയോഗിച്ച് ആക്രമിച്ച സംഭവവും നടന്നിരുന്നു. എന്നാല്‍, അക്രമിക്ക് ഐ.എസുമായി ബന്ധമില്ളെന്നും മനോരോഗമുള്ളതായി സംശയിക്കുന്നതായും അന്വേഷണത്തലവന്‍ ഹുബെര്‍ടസ് ആന്ധ്രായ് വ്യക്തമാക്കി. അഭയാര്‍ഥിപ്രശ്നവുമായി സംഭവത്തിന് ബന്ധമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത വിഷാദരോഗമുള്ള അക്രമി ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെക്കുറിച്ചുള്ള  വിഡിയോ ദൃശ്യങ്ങളോ സംഭാഷണങ്ങളോ ലഭിക്കുകയാണെങ്കില്‍ കൈമാറണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

‘അവനെ കാണാന്‍ അലസനെപ്പോലെ തോന്നും. ഒരിക്കലും ഊര്‍ജസ്വലനായി തോന്നിയിട്ടാത്ത അവന്‍ ഒമ്പതുപേരെ വളരെയെളുപ്പം കൊന്നിരിക്കുന്നു’ മ്യൂണിക്കില്‍ വെടിവെപ്പ് നടത്തിയ 18കാരനെക്കുറിച്ച് അയല്‍ക്കാരന്‍ സ്റ്റീഫന്‍ ബോമാന്‍സ് വിവരിക്കുന്നു. എന്നും അവനെ കാണാറുണ്ട്. ആറടി രണ്ടിഞ്ച് ഉയരമുള്ള അവന്‍ ലജ്ജാശീലനായിരുന്നു. സൗജന്യപത്രം വിതരണം ചെയ്യുന്ന ജോലിയുണ്ടായിരുന്നു അവന്. എന്നാല്‍, അത് വീടുകളില്‍ വിതരണം ചെയ്യുന്നതിനുപകരം കുപ്പത്തൊട്ടിയിലിടുന്നതാണ് പതിവായി കാണാറുള്ളത്. അവന്‍െറ കുടുംബത്തെക്കുറിച്ച് കൂടുതലൊന്നും അറിഞ്ഞുകൂട’. വെടിവെപ്പിന്‍െറ ആദ്യ ദൃശ്യങ്ങളില്‍നിന്നുതന്നെ അക്രമിയെ സ്റ്റീഫന്‍ തിരിച്ചറിഞ്ഞിരുന്നു.  

തോക്കുധാരിയുടെ പിതാവ് കുതിരവണ്ടി ഓടിക്കുകയാണ്.  അതേസമയം അക്രമി എല്ലായ്പ്പോഴും പ്രസന്നവദനനായിരുന്നെന്നും ഇത്തരമൊരു ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയിരുന്നില്ളെന്നും മറ്റൊരു അയല്‍ക്കാരന്‍ ഓര്‍ക്കുന്നു. അക്രമം നടത്തുന്നതിന് മുമ്പ് യുവാവ് മറ്റൊരാളുമായി വാഗ്വാദം നടത്തിയതായും ഞാന്‍ ജര്‍മനിക്കാരനാണെന്ന് വിളിച്ചുപറഞ്ഞതായും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അക്രമിക്ക് ബ്രെവികുമായി ബന്ധമെന്ന് 
ബര്‍ലിന്‍: നോര്‍വേ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്സ് ബ്രെവികുമായി തോക്കുധാരിക്ക് ബന്ധമുണ്ടെന്ന് ജര്‍മന്‍ പൊലീസ്. അക്രമി കൂട്ടക്കൊല നടത്തുന്നതിന് അമിതമായ താല്‍പര്യം വെച്ചുപുലര്‍ത്തിയിരുന്നു. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജഫേസ്ബുക് അക്കൗണ്ട് തുടങ്ങി ആളുകളെ ആകര്‍ഷിച്ച അക്രമി അവരോട് റസ്റ്റാറന്‍റിലത്തൊന്‍ ആവശ്യപ്പെടുകയായിരുന്നു. 2011 ജൂലൈ 22ന് നോര്‍വേയില്‍ 77 പേരെയാണ് ബ്രെവിക് കൂട്ടക്കൊല ചെയ്തത്. 2012ല്‍ 21 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ബ്രെവിക് നോര്‍വേ ജയിലില്‍ ഏകാന്തതടവില്‍ കഴിയുകയാണ്. യൂറോപ്പിലേക്കുള്ള മുസ്ലിം കുടിയേറ്റക്കാരെ തടയാനാണ് അക്രമം നടത്തിയതെന്നായിരുന്നു തീവ്രവലതുപക്ഷ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ബ്രെവിക് കോടതിയില്‍ മൊഴിനല്‍കിയത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.