സൈനിക അട്ടിമറിക്കെതിരെ സാങ്കേതിക വിദ്യയുടെ ജയം

അങ്കാറ: തുര്‍ക്കിയിലെ സൈനിക അട്ടിമറി 21ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയും ജനങ്ങളും ചേര്‍ന്ന് തോല്‍പിച്ചിരിക്കുന്നു. പീസ് കൗണ്‍സില്‍ എന്നു വിശേഷിപ്പിക്കുന്ന സൈന്യമാണ് തുര്‍ക്കി ഭരണാധികാരി റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. 1970 മുതല്‍ രാജ്യത്തുണ്ടായ അട്ടിമറികളില്‍നിന്ന് ഗൃഹപാഠം ചെയ്ത് കൃത്യമായ പദ്ധതിയോടെയാണ് സൈന്യം അട്ടിമറിക്കു തുനിഞ്ഞതെന്ന് ഇസ്തംബൂളിലെ ഗവേഷകനും എഴുത്തുകാരനുമായ ഗരെത് ജെങ്കിന്‍സ് വിലയിരുത്തുന്നു. 1973ല്‍ ചിലിയിലും 1980കളില്‍ അങ്കാറയിലും 2016ല്‍ പടിഞ്ഞാന്‍ രാജ്യങ്ങളിലും നടന്നതിനെക്കാള്‍ ബൃഹത്തായ അട്ടിമറിക്കായിരുന്നു  കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത്. ഉര്‍ദുഗാന്‍ നഗരത്തിനു പുറത്തെ അവധിക്കാല റിസോര്‍ട്ടിലത്തെിയ സമയമാണ് വിമതര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തതും. രാജ്യത്തെ പ്രധാന വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം നിയന്ത്രണത്തിലാക്കിയ  സൈന്യം ഇസ്തംബൂളിലെ ബോസ്ഫറസ് പാലം അടച്ചുപൂട്ടി. പാര്‍ലമെന്‍റിലേക്കും അങ്കാറയിലേക്കും ടാങ്കുകളയച്ചു. റോഡുകള്‍ കൈയേറി. ദേശീയ വാര്‍ത്താമാധ്യമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തു.

എന്നാല്‍, ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയുടെ (അക് പാര്‍ട്ടി) നേതാക്കളെ തടവിലാക്കുന്നതിലും സ്വകാര്യ ടെലിവിഷന്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനും മൊബൈല്‍ സിഗ്നലുകള്‍ തടസ്സപ്പെടുത്തുന്നതിലും സാമൂഹിക മാധ്യമങ്ങള്‍ക്ക് തടയിടുന്നതിലും അവര്‍ പരാജയം രുചിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനും പത്രമാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിനും ശ്രമിക്കുന്നുവെന്ന് ഉര്‍ദുഗാന്‍ പതിവായി പഴി കേട്ടിരുന്നു. അതേസമയം, സൈന്യത്തെ  ചെറുക്കാന്‍ ഉര്‍ദുഗാന്‍ എട്ടു കോടിയിലേറെ വരുന്ന ജനക്കൂട്ടത്തോട് തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടത് ഫേസ് ടൈം മൊബൈല്‍ ആപ്ളിക്കേഷനിലൂടെയായിരുന്നുവെന്നത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.  ആക്രമണം അപലപിക്കാന്‍ തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം ആദ്യം  ആശ്രയിച്ചത് ട്വിറ്ററിനെയാണ്. അതായത്, മാറ്റത്തിന്‍െറ പാതയിലൂടെ നടന്ന ഈ വിപ്ളവകാരികള്‍ ആധുനിക സാങ്കേതികവിദ്യയിലൂടെ ശത്രുക്കളെ ചെറുത്തുതോല്‍പിച്ചു.

റോമന്‍ കത്തോലിക്കാ സഭക്കെതിരെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍  പ്രൊട്ടസ്റ്റന്‍റ് പുരോഹിതനായ മാര്‍ട്ടിന്‍ ലൂഥര്‍ 1517ല്‍ പ്രിന്‍റിങ് പ്രസ് നിര്‍മിച്ചതും 1979ല്‍ ഇറാനിലെ ഷാ ഭരണകൂടത്തെ പരാജയപ്പെടുത്താന്‍ ആയത്തുല്ലാ റൂഹുല്ലാ ഖുമൈനിയുടെ പ്രസംഗമടങ്ങിയ ഓഡിയോ കാസറ്റുകളുടെ പകര്‍പ്പ്  ഇറാനിലുടനീളം വിതരണം ചെയ്തതും  ഇതോട് ചേര്‍ത്തുവായിക്കണം. ആശയവിനിമയത്തിന് വേണ്ടത്ര മാധ്യമങ്ങള്‍ ഇല്ലാതിരുന്ന 1991ല്‍ സോവിയറ്റ് യൂനിയന്‍ ഭരണാധികാരി  മിഖായേല്‍ ഗോര്‍ബച്ചേവിനെതിരെ അട്ടിമറിശ്രമം നടന്നയവസരത്തില്‍ ബി.ബി.സി വേള്‍ഡ് സര്‍വിസ് ബുള്ളറ്റിന്‍ ശ്രദ്ധിച്ച് വീട്ടിലിരിക്കാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. മൂന്നു ദിവസം സോവിയറ്റ് യൂനിയന്‍ സൈന്യത്തിന്‍െറ നിയന്ത്രണത്തിലായിരുന്നു. പിന്നീട് റഷ്യന്‍ നേതാവ് ബോറിസ് യെല്‍ത്സില്‍ ജനക്കൂട്ടത്തിനൊപ്പം തെരുവിലിറങ്ങിയാണ് സൈന്യത്തിന്‍െറ അട്ടിമറിശ്രമം പരാജയപ്പെടുത്തിയത്. ഉര്‍ദുഗാനെ സൈന്യം തടവിലാക്കിയിട്ടില്ളെന്നും അദ്ദേഹം സുരക്ഷിതനാണെന്നുമുള്ള സന്ദേശങ്ങള്‍ ജനങ്ങളിലേക്കത്തെിക്കൊണ്ടിരുന്നു. ഉര്‍ദുഗാന്‍െറ മുന്‍ഗാമി അബ്ദുല്ല ഗുലും ഫേസ്ടൈം ആണ് ജനങ്ങളിലേക്കിറങ്ങാനുള്ള മാധ്യമമായി സ്വീകരിച്ചത്. അട്ടിമറി പരാജയപ്പെട്ടെന്ന് മുന്‍ പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു മാധ്യമങ്ങളെ അറിയിക്കാന്‍ ആശ്രയിച്ചതും മൊബൈല്‍ ഫോണുകളെയാണ്. 1981ല്‍ സ്പെയിന്‍ ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനോട് തുര്‍ക്കിയിലെ നാടകീയ സംഭവങ്ങള്‍ താരതമ്യപ്പെടുത്താവുന്നതാണ്. എന്നാല്‍,  സാമൂഹികമാധ്യമങ്ങളിലെ ഇടപെടലിനെതിരായ ഭരണകൂടങ്ങളുടെ അസഹിഷ്ണുതയും മറന്നുകൂടാ.  അട്ടിമറിയുടെ അവസാന നിമിഷങ്ങള്‍ ലോകത്തെ അറിയിക്കുന്നതിലും സി.എന്‍.എന്‍ തുര്‍ക് വിജയിച്ചു.  സൈന്യം മുദ്രവെച്ച ടെലിവിഷന്‍ ചാനലില്‍നിന്ന് ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു. അവസാനം വാര്‍ത്ത വായിക്കുന്ന  നെവ്സിന്‍ മെന്‍ഗുവും ജനറല്‍ മാനേജര്‍ ഉര്‍ദുഗാന്‍ അക്താസും ഒത്തൊരുമിച്ചാണ് നിലയത്തെ പൂര്‍വസ്ഥിതിയിലാക്കിയത്.

ജനങ്ങളുടെ അട്ടിമറിയില്‍ പേടിച്ചരണ്ട സൈനികരുടെ അവസ്ഥ അവര്‍ പങ്കുവെച്ചു. രണ്ടുപേര്‍ ചേര്‍ന്നു മാത്രം ഒരു ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തിപ്പിച്ചത് എങ്ങനെയെന്നത് അവര്‍ക്കിപ്പോഴും അദ്ഭുതമാണ്. ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സൈന്യം ഉത്തരവിട്ടെങ്കിലും നടക്കില്ളെന്നായിരുന്നു അവരുടെ മറുപടി. ആ നിര്‍ണായകഘട്ടത്തില്‍ അതിനു പ്രേരിപ്പിച്ച ശക്തിയെ അവര്‍ സ്തുതിക്കുന്നു. അപ്പോഴും ഉര്‍ദുഗാന് പിന്തുണ പ്രഖ്യാപിച്ച് നിരവധി യുവാക്കള്‍ നിലയത്തിലത്തെുന്നുണ്ടായിരുന്നു. ഉര്‍ദുഗാന്‍െറ വിശ്വസ്തരായ മതനേതാക്കളും ചരിത്രത്തിലാദ്യമായി ഉച്ചഭാഷിണി വഴി രക്തസാക്ഷികളാവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.