കുരങ്ങുഭാഷയുടെ കുരുക്കഴിച്ച് ഗവേഷകര്‍

ലണ്ടന്‍: കുരങ്ങന്മാര്‍ തമ്മില്‍ നടത്തുന്ന ആശയവിനിമയത്തില്‍ ഒരുഭാഷ ഒളിഞ്ഞിരിപ്പുണ്ടോ..? ഉണ്ടെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞരുടെ നിഗമനം. പരസ്പരം അപകട മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും മറ്റു രീതിയില്‍ വിവരങ്ങള്‍ കൈമാറുമ്പോഴും ചില പ്രത്യേകരീതിയിലുള്ള ശബ്ദങ്ങള്‍ ഉപയോഗിക്കുന്നതായി ഗവേഷകര്‍ കണ്ടത്തെിയിട്ടുണ്ട്. ഫ്രാന്‍സിലെ നാഷനല്‍ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് റിസര്‍ച്ചിലെയും ന്യൂയോര്‍ക് സര്‍വകലാശാലയിലേയും പ്രഫസര്‍ ഫിലിപ് ഷെല്‍ങ്കറിന്‍െറ നേതൃത്വത്തിലാണ് ഗവേഷണം നടക്കുന്നത്.

നിലവില്‍ ഭാഷാശാസ്ത്രജ്ഞന്മാര്‍ പിന്തുടരുന്ന രീതികളുപയോഗിച്ച് ആദിമമനുഷ്യരുടെയും ഗോറിലകളുടെയും ആശയവിനിമയ മാര്‍ഗങ്ങളെ പഠന വിധേയമാക്കിയാണ് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. അപകടസൂചന നല്‍കാന്‍ ഭൂരിപക്ഷം കുരങ്ങുവര്‍ഗവും ‘ഹോക്’, ക്രാക് എന്നീ ശബ്ദങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പഠനങ്ങളില്‍ കണ്ടത്തെിയിട്ടുണ്ട്. ഇവയുടെ കൂടെ ‘ഊ’ എന്ന ശബദം ചേരുമ്പോള്‍ അതിന്‍െറ അര്‍ഥത്തിന് വ്യതിയാനം വരുന്നതായും കണ്ടത്തെി. ഇത്തരത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന ഭാഷയെ മനസ്സിലാക്കിയെടുക്കാനാണ് ഗവേഷകരുടെ ശ്രമം.

കുരങ്ങന്മാര്‍ പുറപ്പെടുവിക്കുന്ന ‘ഹോക്’ എന്ന ശബ്ദം കഴുകന്മാര്‍ പോലുള്ള ശത്രുക്കളെ കാണുമ്പോള്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പും ‘ഹോക്-ഊ’ എന്ന ശബ്ദം പൊതുവെ മുകള്‍ഭാഗത്തുനിന്ന് വരുന്ന ശത്രുവിനെ കുറിച്ചുള്ള മുന്നറിയിപ്പുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ‘ഊ’ എന്ന ശബ്ദം അത്ര ഗൗരവമല്ലാത്ത മുന്നറിയിപ്പുകളായാണ് ഉപയോഗിക്കുന്നത്. അതേസമയം, ‘ക്രാക്’ എന്ന ശബ്ദം പുലിയും കടുവയും പോലുള്ള ശത്രുക്കളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.