ടോണി ആബട്ട് പുറത്ത്; ആസ്ട്രേലിയയില്‍ ടേണ്‍ബുള്‍ പ്രധാനമന്ത്രി

മെല്‍ബണ്‍: ആസ്ട്രേലിയയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി ടോണി ആബട്ട് സ്വന്തംകക്ഷിയായ ലിബറല്‍പാര്‍ട്ടി വോട്ടെടുപ്പില്‍ തോറ്റ് അധികാരത്തിനു പുറത്ത്. പുതിയ പ്രധാനമന്ത്രിയായി മുന്‍ ലിബറല്‍ നേതാവ് മാല്‍ക്കം ടേണ്‍ബുള്‍ തെരഞ്ഞെടുക്കപ്പെട്ടു. അടുത്തിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ ഏറെ പിറകിലായിരുന്ന ആബട്ട് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 10 വോട്ടുകള്‍ക്കാണ് തോല്‍വി സമ്മതിച്ചത്. ടേണ്‍ബുള്‍ 54 വോട്ടുകള്‍ നേടിയപ്പോള്‍ ആബട്ടിന് 44 മാത്രമാണ് ലഭിച്ചത്. ഇതോടെ, മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് അധികാരമേല്‍ക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാവാനൊരുങ്ങുകയാണ് ടേണ്‍ബുള്‍.


ആബട്ട് ഗവര്‍ണര്‍ക്ക് രാജി നല്‍കുന്നതോടെ പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കറും പ്രമുഖ അഭിഭാഷകനുമായ ടേണ്‍ബുള്‍ നേരത്തെ ലിബറല്‍ പാര്‍ട്ടി നേതാവായിരുന്നു. അവസാന മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായിരുന്നത് രാജിവെച്ചാണ് പ്രധാനമന്ത്രി പദത്തിനായി രംഗത്തത്തെിയത്.
രാജ്യത്തിനാവശ്യമായ സാമ്പത്തിക നേതൃത്വം നല്‍കുന്നതില്‍ ആബട്ട് പരാജയമാണെന്നും ഭരണം ഇനിയും അദ്ദേഹത്തിനുകീഴില്‍ തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും അവകാശപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് ടേണ്‍ബുള്‍ പുതിയ നീക്കത്തിന് തുടക്കമിട്ടത്. ഭരണകക്ഷിയായ ലിബറല്‍പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെടുന്നത് ഭരണമാറ്റത്തിന് തുല്യമായതിനാല്‍ ആബട്ട് സ്വയംപ്രതിരോധവുമായി ശക്തമായി രംഗത്തുവന്നു. പാര്‍ട്ടിയിലെ പ്രമുഖനും സാമൂഹികസേവന മന്ത്രിയുമായ സ്കോട് മോറിസണ്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ ഉറപ്പാക്കിയെങ്കിലും ലിബറല്‍ ഉപനേതാവ് ജൂലി ബിഷപ് മറുപക്ഷത്തേക്ക് ചാടിയത് ഭീഷണിയായി. ഇതാണ് പാര്‍ട്ടി വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്.
2013ല്‍ ജൂലിയ ഗിലാര്‍ഡിനെ അട്ടിമറിച്ച് കെവിന്‍ റഡ് അധികാരമേല്‍ക്കുന്നതോടെയാണ് സമീപകാല രാഷ്ട്രീയ അട്ടിമറികളുടെ തുടക്കം. മാസങ്ങള്‍ കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍പാര്‍ട്ടി ജയിച്ചതോടെ ടോണി ആബട്ട് പ്രധാനമന്ത്രിയായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.