ഇറാഖ് അധിനിവേശത്തിന് മാപ്പപേക്ഷിച്ച് ടോണി ബ്ലയര്‍

ലണ്ടന്‍: ഇറാഖ് അധിനിവേശത്തിലെ തെറ്റുകളില്‍ പശ്ചാത്തപിക്കുന്നെന്നും ഇസ്ലാമിക് സ്റ്റേറ്റിന്‍െറ (ഐ.എസ്) ഉദയത്തിന് ഇത് കാരണമായെന്നും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളയര്‍. എന്നാല്‍, ഏകാധിപതിയായ സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയതില്‍ കുറ്റബോധമില്ളെന്നും സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടോണി ബ്ളയര്‍ പറഞ്ഞു. ‘ലോങ് റോഡ് ടു ഹെല്‍: അമേരിക്ക ഇന്‍ ഇറാഖ്’ എന്ന പേരില്‍ സി.എന്‍.എന്‍ തയാറാക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് അഭിമുഖം.

തങ്ങള്‍ക്ക് ലഭിച്ച രഹസ്യവിവരത്തില്‍ പാളിച്ചയുണ്ടായിരുന്നു. സദ്ദാം സ്വന്തം ജനതക്കെതിരെപോലും രാസായുധങ്ങള്‍ പ്രയോഗിച്ചിരുന്നെന്നത് ശരിയായിരുന്നെങ്കിലും ഞങ്ങള്‍ വിചാരിച്ചതുപോലെയായിരുന്നില്ല പൂര്‍ണമായും കാര്യങ്ങള്‍. വന്‍ നാശം വിതക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ സദ്ദാം ഭരണകൂടത്തിന്‍െറ കൈവശമുണ്ടെന്നതാണ് അധിനിവേശം ന്യായീകരിക്കാന്‍ യു.എസും ബ്രിട്ടനും നിരത്തിയ ന്യായം. എന്നാല്‍, ആ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നുവെന്ന്് ബ്ളയര്‍ സമ്മതിച്ചു. സദ്ദാം ഭരണകൂടത്തെ നീക്കിയാല്‍ രാജ്യത്ത് എന്താണുണ്ടാകുക എന്ന് മുന്‍കൂട്ടിക്കാണാന്‍ തങ്ങള്‍ക്ക് കഴിയാത്തതിലും ബ്ളയര്‍ ക്ഷമാപണം നടത്തി. എന്നാല്‍, ഇന്നും താന്‍ കരുതുന്നത് സദ്ദാമിനെ വീഴ്ത്തിയതില്‍ തെറ്റില്ളെന്നുതന്നെയാണ്. അതില്‍ ക്ഷമാപണം നടത്താന്‍ ബുദ്ധിമുട്ടുണ്ട്. മൂന്നു പതിറ്റാണ്ടുനീണ്ട ഏകാധിപത്യത്തില്‍ തന്‍െറ ജനതയെ സദ്ദാം അടിച്ചമര്‍ത്തി. അയല്‍രാജ്യങ്ങളായ ഇറാനും കുവൈത്തിനുമെതിരെ യുദ്ധങ്ങള്‍ നടത്തി. വടക്കന്‍ ഇറാഖിലെ കുര്‍ദുകള്‍ക്കെതിരെ രാസായുധങ്ങള്‍ ഉപയോഗിച്ചു. എന്നാല്‍, സദ്ദാമിനുശേഷമുള്ള ഇന്നത്തെ ഇറാഖും വിഭാഗീയ സംഘര്‍ഷങ്ങളില്‍തന്നെയാണ്. ഐ.എസ് ഭീഷണി നേരിടാനാകാതെ രാജ്യം കുഴങ്ങുകയാണ്.  

2003ലെ യു.എസ്-ബ്രിട്ടീഷ് അധിനിവേശമാണ് ഐ.എസിന്‍െറ പിറവിക്ക് പ്രധാന കാരണമായതെന്ന നിരീക്ഷണത്തില്‍ സത്യത്തിന്‍െറ അംശമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ബ്ളയര്‍ പറഞ്ഞു. എന്നാല്‍, 2011ലാരംഭിച്ച അറബ് വസന്തവും ഇറാഖില്‍ ഐ.എസിന്‍െറ ഉദയത്തിന് കാരണമായിട്ടുണ്ട്. കൂടാതെ ഐ.എസ് ഇറാഖിലല്ല, സിറിയയിലാണ് ഉയര്‍ന്നുവന്നതെന്നും ഓര്‍ക്കേണ്ടതുണ്ടെന്നും ബ്ളയര്‍ ചൂണ്ടിക്കാണിച്ചു.

ഇറാഖില്‍ പോകാന്‍ തീരുമാനമെടുത്തതിന്‍െറ പേരില്‍ യുദ്ധക്കുറ്റവാളി എന്നു വിളിക്കപ്പെട്ടാലോ എന്നുചോദിച്ചപ്പോള്‍ അന്ന് ശരിയെന്ന് തോന്നിയതാണ് ചെയ്തതെന്ന് ബ്ളയര്‍ പറഞ്ഞു. യുദ്ധവും സദ്ദാം ഭരണകൂടത്തിന്‍െറ സ്ഥാനചലനവും ഇറാഖിനെ ദുരിതങ്ങളിലേക്ക് തള്ളിയിട്ടു. വര്‍ഷങ്ങള്‍ നീണ്ട വര്‍ഗീയകലാപത്തിനും പിന്നീട് ഐ.എസിന് വഴിവെച്ച ഇറാഖിലെ അല്‍ഖാഇദയുടെ ഉദയത്തിനും രാജ്യം സാക്ഷിയായി. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തില്‍  പതിനായിരക്കണക്കിന് ജീവന്‍ പൊലിഞ്ഞുവെന്ന് ബ്ളയര്‍ പറഞ്ഞു. ഇറാഖ് അധിനിവേശത്തില്‍ അമേരിക്കക്ക് ഒപ്പം നിന്നതില്‍ ആദ്യമായാണ് അദ്ദേഹം ഖേദംപ്രകടിപ്പിക്കുന്നത്. നേരത്തെ, ഇറാഖില്‍ തെറ്റ് സംഭവിച്ചുവെന്ന് യു.എസും സമ്മതിച്ചിരുന്നു.


കൊല്ലപ്പെട്ടത് പതിനായിരങ്ങള്‍
2001സെപ്റ്റംബറിലെ ആക്രമണത്തിനു പ്രതികാരമായി അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ മറിച്ചിട്ടതിന്‍െറ തുടര്‍ച്ചയായിരുന്നു 2003ല്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ഇറാഖ് അധിനിവേശം. ഇറാഖില്‍ സദ്ദാം ഭരണകൂടം കൂട്ടനശീകരണായുധങ്ങള്‍ കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു ഇറാഖിലേക്കുള്ള കടന്നുകയറ്റം.

വര്‍ഷങ്ങളുടെ ഉപരോധത്തിലൂടെ രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ത്തതിനൊടുവില്‍,  മാര്‍ച്ച് 19നായിരുന്നു സഖ്യ സേന ആക്രമണത്തിനു തുടക്കമിട്ടത്. അമേരിക്കക്കു പുറമെ ബ്രിട്ടന്‍, ആസ്ട്രേലിയ, പോളണ്ട് എന്നീ രാജ്യങ്ങളാണ് ആക്രമണത്തില്‍ നേരിട്ട് പങ്കാളികളായത്. ദിവസങ്ങള്‍ക്കുള്ളില്‍ ബഗ്ദാദും സദ്ദാമിന്‍െറ ശക്തി കേന്ദ്രങ്ങളായ കിര്‍കുകും തിക്രീതും കീഴടക്കിയതോടെ മേയ് ഒന്നിന് അമേരിക്ക സാങ്കേതികമായി യുദ്ധം അവസാനിപ്പിച്ചു. ഇതിനിടെ, പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു.

ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളാവുകയും ചെയ്തു. ഒളിവില്‍ പോയ സദ്ദാം ഹുസൈനെ മാസങ്ങള്‍ക്കു ശേഷം തൂക്കിലേറ്റി. കൂട്ടനശീകരണ ശേഷിയുള്ള ആയുധങ്ങള്‍ സംഭരിച്ച ഇറാഖിനെ നിരായുധീകരിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു പറഞ്ഞതെങ്കിലും രാജ്യത്ത് അത്തരം ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ളെന്ന് പിന്നീട് അമേരിക്ക സമ്മതിക്കുകയുണ്ടായി. സെപ്റ്റംബര്‍ ആക്രമണത്തോടെ അറബ് ലോകത്ത് കൂടുതല്‍ രാജ്യങ്ങളില്‍ ആക്രമണത്തിന് വിപുല പദ്ധതിയാണ് പെന്‍റഗണ്‍ ഒരുക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.