ട്രംപിന്റെ കണ്ണ് രാജ്യത്തെ എണ്ണയിലെന്ന് മദൂറോ; വെനസ്വേലയിൽ എത്രമാത്രം എണ്ണയുണ്ട്?

കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യത്തിന്റെ വിശാലമായ എണ്ണ ശേഖരം പിടിച്ചെടുക്കാൻ ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നുവെന്ന് വെനസ്വേലൻ പ്രസിഡന്റ് നികോളസ് മദൂറോ. ഈ ആഴ്ച അമേരിക്കൻ സൈന്യം യു.എസ് ഉപരോധങ്ങൾ ലംഘിച്ച് കയറ്റുമതി ചെയ്ത വെനസ്വേലൻ എണ്ണ വഹിച്ച ടാങ്കർ പിടിച്ചെടുക്കുകയും മറ്റ് കപ്പലുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

മയക്കുമരുന്ന് കടത്തെന്ന് യു.എസ് ആരോപിച്ച് വെനസ്വേലൻ ബോട്ടുകൾക്ക് നേരെയുള്ള നിരവധി സൈനിക ആക്രമണങ്ങൾക്കു പിന്നാലെയാണ് ഈ പുതിയ നീക്കം. മദൂറോ അമേരിക്കയിലേക്ക് മയക്കുമരുന്നും കുറ്റവാളികളെയും അയച്ചതായി ആരോപണമുന്നയിച്ച് വെനസ്വേലക്കെതിരെ സൈനിക നടപടിക്ക് ട്രംപ് തുടക്കം കുറിച്ചിരുന്നു.

വെനിസ്വേലയിൽ എത്രമാത്രം എണ്ണയുണ്ട്?

ലോകത്തിലെ ഏറ്റവും വലിയ തെളിയിക്കപ്പെട്ട എണ്ണ ശേഖരമുള്ള രാജ്യമാണിത്. ഏകദേശം 303 ബില്യൺ ബാരലുകൾക്ക് തുല്യമായ എണ്ണപ്പാടത്തിനു മുകളിലാണ് വെനിസ്വേലയുടെ കിടപ്പ്. എന്നാൽ, ഇന്ന് രാജ്യം ഉത്പാദിപ്പിക്കുന്ന എണ്ണയുടെ അളവ് വളരെ ചെറുതാണ്.

യു.എസ് കമ്പനിയായ ഷെവ്‌റോൺ ഉൾപ്പെടെയുള്ള ചില പാശ്ചാത്യ എണ്ണക്കമ്പനികൾ ഇപ്പോഴും രാജ്യത്ത് സജീവമാണെങ്കിലും, യു.എസ് ഉപരോധങ്ങൾ വിപുലീകരിക്കുകയും മദൂറോയുടെ ഒരു പ്രധാന സാമ്പത്തിക ലൈനിലേക്കുള്ള പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ എണ്ണ കയറ്റുമതി കുറക്കാൻ ലക്ഷ്യമിടുകയും ചെയ്തതിനാൽ അവയുടെ പ്രവർത്തനങ്ങൾ ഗണ്യമായി ചുരുങ്ങി. മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് 2015ൽ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് യു.എസ് ആദ്യമായി നടപ്പിലാക്കിയ ഉപരോധങ്ങൾ രാജ്യത്തെ വലിയതോതിൽ ഒറ്റ​പ്പെടുത്തി.

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം നവംബറിൽ വെനസ്വേല പ്രതിദിനം 860,000 ബാരൽ ഉൽപ്പാദിപ്പിച്ചുവെന്നാണ്. 10 വർഷം മുമ്പുള്ളതിന്റെ മൂന്നിലൊന്ന് മാത്രമാണിത്. ലോക എണ്ണ ഉപഭോഗത്തിന്റെ 1ശതമാനത്തിൽ താഴെയാണിത്.

എണ്ണ വ്യവസായത്തെ പുനഃരുജ്ജീവിപ്പിക്കാൻ അമേരിക്കൻ ബിസിനസുകൾക്ക് അവസരങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വെനസ്വേലയിൽ ഇടപെടണമെന്ന് യു.എസിലെ ചില രാഷ്ട്രീയക്കാർ വാദിക്കുന്നു. ട്രംപ് അത്തരം വാദങ്ങൾക്ക് പ്രോൽസാഹനം നൽകുന്നുമുണ്ട്. ‘ഡ്രിൽ ബേബി, ഡ്രിൽ’എന്ന മുദ്രാവാക്യം ഉയർത്തിയാണ് ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എണ്ണ ഉൽപാദനം വർധിപ്പിക്കാനുള്ള ആഹ്വാനമാണിത്. എണ്ണയെ അമേരിക്കയുടെ താരിഫ് യുദ്ധവുമായും ബന്ധിപ്പിച്ചു. എന്നാൽ, വെനസ്വേലയുടെ കാര്യം വരുമ്പോൾ മയക്കുമരുന്ന് കടത്തും മദൂറോയുടെ നിയമവിരുദ്ധതയും ആരോപിച്ചാണ് ട്രംപ് ലക്ഷ്യപ്രാപ്തിക്ക് കളമൊരുക്കുന്നത്.

Tags:    
News Summary - Maduro says Trump has his eye on the country's oil; How much oil is there in Venezuela?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.