സമാധാനത്തിനുള്ള നൊബേല്‍ ടുണീഷ്യന്‍ സംഘടനക്ക്

ഓസ് ലോ: 2015ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ടുണീഷ്യന്‍ സംഘടനയായ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന്. 2011ല്‍ അറബ് വസന്തത്തിന്‍റെ തുടര്‍ച്ചയായി ടുണീഷ്യയില്‍ ബഹുസ്വര ജനാധിപത്യം കെട്ടിപ്പടുക്കുന്നതിന് നിര്‍ണായക സംഭാവന നല്‍കിയതിനാണ് നൊബേല്‍ സമ്മാനം. ടുണീഷ്യന്‍ ജനറല്‍ ലേബര്‍ യൂണിയന്‍, ടുണീഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് ലീഗ്, ടുണീഷ്യന്‍ ഓര്‍ഡര്‍ ഓഫ് ലോയേഴ്സ്, യു.ടി.ഐ.സി.എ എന്നീ സംഘടനകള്‍ അടങ്ങുന്നതാണ് നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റ്.


പോപ്പ് ഫ്രാന്‍സിസ്, ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ അടക്കം 273 അംഗ നാമനിര്‍ദേശത്തില്‍ നിന്നാണ് നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിനെ നൊബേലിനായി തെരഞ്ഞെടുത്തത്. 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ ഇന്ത്യയും പാകിസ്താനും പങ്കിട്ടിരുന്നു. ഇന്ത്യക്കാരനായ കൈലേഷ് സത്യാര്‍ഥിയും പാകിസ്താനിലെ മലാല യൂസഫ് സായിയുമാണ് പങ്കിട്ടത്.

2010^11ല്‍ ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട മുല്ലപ്പൂ വിപ്ളവമാണ് അറബ് നാടുകളില്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ അധികാരത്തില്‍ വരുന്നതിന് വഴിതെളിച്ചത്. ഉത്തരാഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ 22 വര്‍ഷം നീണ്ട അമേരിക്കന്‍ പിന്തുണയോടെയുള്ള എകാധിപത്യ വാഴ്ചക്കാണ് വിപ്ളവം അറുതിവരുത്തിയത്.

ഈ മൂന്നേറ്റം പിന്നീട് ഈജിപ്ത്, ലിബിയ, യെമന്‍, അള്‍ജീരിയ, ജോര്‍ദാന്‍, സിറിയ, ബഹറൈന്‍ എന്നീ രാജ്യങ്ങളിലേക്ക് പടര്‍ന്നു. ഈജിപ്തില്‍ ഹുസ്നി മുബാറിക്കിന്‍െറ 30 വര്‍ഷവും ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ 60 വര്‍ഷവും നീണ്ട ഭരണത്തിനുമാണ് ജനകീയ വിപ്ളവം അന്ത്യം കുറിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.