സ്വര്‍ണം നിറച്ച നാസി ട്രെയിന്‍ കണ്ടെത്തിയെന്ന്; തിരക്കില്‍ പൊറുതിമുട്ടി പോളണ്ട് നഗരം

വാഴ്സോ: നാസി കാലത്തേതെന്ന് കരുതുന്ന സ്വര്‍ണം നിറച്ച ട്രെയിന്‍ കണ്ടത്തെിയതായി വാര്‍ത്ത പരന്നതോടെ പശ്ചിമ പോളണ്ടിലെ വാള്‍ബ്രസിച് നഗരത്തിലേക്ക് ആളുകളുടെ അണമുറിയാത്ത ഒഴുക്ക്. കിട്ടുമെങ്കില്‍ ഇത്തിരി സ്വര്‍ണം സ്വന്തമാക്കാനും ഒന്നുമില്ളേല്‍ കണ്ണഞ്ചും കാഴ്ചകളില്‍ മതിമറന്നിരിക്കാനും കൊതിച്ചാണ് രാജ്യത്തിനകത്തും പുറത്തും നിന്നായി നൂറുകണക്കിന് പേര്‍ നഗരത്തിലേക്ക് വെച്ചുപിടിക്കുന്നത്.
ജര്‍മന്‍, പോളണ്ട് വംശജരായ രണ്ടു പേരാണ് നഗരത്തിലൊരിടത്ത് ഭൂമിക്കടിയില്‍ സ്വര്‍ണ ട്രെയിന്‍ കണ്ടത്തെിയെന്ന അവകാശവാദവുമായി എത്തിയത്. കൈമാറിയാല്‍ മൊത്തം നിധിയുടെയും ട്രെയിനിന്‍െറയും മൂല്യം കണക്കാക്കി 10 ശതമാനം കൈമാറണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ വഴങ്ങിയാല്‍ മാത്രമേ അപൂര്‍വ കണ്ടത്തെലിനെ കുറിച്ച വിശദാംശങ്ങള്‍ പുറത്തുവിടുകയുള്ളൂവത്രെ.
ഇതില്‍ 300 ടണ്‍ സ്വര്‍ണവും വിലകൂടിയ രത്നങ്ങളും വ്യവസായിക ഉപകരണങ്ങളുമുള്ളതായി ഇവര്‍ പറയുന്നു. ടൈറ്റാനിക്കിലേതിനു സമാനമായി ആഗോള പ്രാധാന്യമുള്ള കണ്ടത്തെലാണിതെന്നും സര്‍ക്കാറുമായി ആശയവിനിമയം തുടരുകയാണെന്നും ഇരുവരുടെയും അഭിഭാഷകനും വ്യക്തമാക്കി.
പ്രാദേശിക വിശ്വാസപ്രകാരം, രണ്ടാം ലോക യുദ്ധത്തിന്‍െറ അവസാന നാളുകളില്‍ ചുവപ്പന്‍ പട അടുത്തത്തെുകയും സഖ്യകക്ഷികള്‍ വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതോടെയാണ് കോടികള്‍ മൂല്യമുള്ള നിധി കയറ്റിയ ട്രെയിന്‍ അന്ന് ജര്‍മനിയുടെ ഭാഗമായിരുന്ന പോളണ്ട് നഗരം വാള്‍ബ്രസിചിലെ ഏതോ മലനിരകള്‍ക്കടിയിലെ തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയത്. ചരിത്ര പിന്‍ബലമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഇതിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ളെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് ഗൗരവം കൈവന്നിട്ടുണ്ട്.
കണ്ടത്തെിയെന്ന് അവകാശപ്പെടുന്ന ഇരുവരുടെയും അഭിഭാഷകര്‍ കൈമാറിയ കത്ത് ലഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതേസമയം, ട്രെയിന്‍ നിറയെ സ്ഫോടക വസ്തുക്കളാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളുന്നില്ല.
1945ല്‍ തെക്കു പടിഞ്ഞാറന്‍ ജര്‍മനിയിലെ മെര്‍കേഴ്സില്‍ 100 ടണ്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാകാം പുതിയ കണ്ടത്തെലെന്നാണ് അനുമാനം. തറനിരപ്പില്‍നിന്ന് 70 അടി താഴ്ചയിലാണ് ട്രെയിന്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.