തുര്‍ക്കിയില്‍ യു.എസ് കോണ്‍സുലേറ്റിനും പൊലീസ് സ്റ്റേഷനും നേരെ ആക്രമണം

ഇസ്തംബൂള്‍: കുര്‍ദ് തീവ്രവാദികളും സര്‍ക്കാറും തമ്മില്‍ സംഘര്‍ഷം ശക്തമായ തുര്‍ക്കിയില്‍ മണിക്കൂറുകള്‍ക്കിടെയുണ്ടായ ആക്രമണ പരമ്പരയില്‍ ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ മേഖലയായ സിര്‍നാകില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ച് നാലു പോലിസ് ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിനു നേരെയുണ്ടായ വെടിവെപ്പില്‍ ഒരു സൈനികനും മരിച്ചു. തലസ്ഥാനനഗരമായ ഇസ്തംബൂളിലെ അമേരിക്കന്‍ കോണ്‍സുലേറ്റും ഒരു പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. സ്റ്റേഷന്‍ ആക്രമണത്തില്‍ ഒരു പോലിസുകാരന്‍ മരിച്ചു.


അതീവ സുരക്ഷാസംവിധാനങ്ങളുള്ള അമേരിക്കന്‍ കോണ്‍സുലേറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് രണ്ടു ആയുധധാരികള്‍ ആക്രമണം നടത്തിയത്. ഇവരില്‍ ഒരു വനിതയെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോണ്‍സുലേറ്റിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. ആക്രമണത്തിന്‍െറ ഉത്തരവാദിത്വം ഇടത് അനുകൂല സംഘടനയായ പീപിള്‍സ് ലിബറേഷന്‍ ആര്‍മി ഫ്രണ്ട് ഏറ്റെടുത്തു. 2013ല്‍ തലസ്ഥാന നഗരമായ അങ്കാറയിലെ യു.എസ് എംബസി ആക്രമിച്ച സംഭവത്തിലും പീപിള്‍സ് ലിബറേഷന്‍ ആര്‍മി ഫ്രണ്ട് ഉത്തരവാദിത്വമേറ്റിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് അനിശ്ചിതമായി അടച്ചിട്ടു.  സിര്‍നാകില്‍ പോലിസ് ഓഫീസര്‍മാര്‍ കവചിത വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ റോഡരികിലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ബയ്തുസ്സിബപ് ജില്ലയില്‍ പറന്നുയരുന്നതിനിടെയാണ് സൈനിക ഹെലികോപ്റ്റര്‍ കുര്‍ദ് തീവ്രവാദികള്‍ വെടിവെച്ചിട്ടത്. ഒരു സൈനികന്‍ മരിച്ചതിനു പുറമെ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികാരമായി കുര്‍ദിഷ് വര്‍കേഴ്സ് പാര്‍ട്ടി (പി.കെ.കെ) കേന്ദ്രങ്ങളില്‍ സൈന്യം ആക്രമണം നടത്തി.

അതിനിടെ, ദിയാര്‍ബാകിര്‍ പ്രവിശ്യയിലും പോലിസ്, സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. ആളപായത്തെ കുറിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തുര്‍ക്കിയിലും ഇറാഖിന്‍െറ വടക്കന്‍പ്രദേശങ്ങളിലുമുള്ള കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിക്കെതിരെ തുര്‍ക്കി ഭരണകൂടം സ്വീകരിക്കുന്ന ശക്തമായ നിലപാടുകള്‍ക്കു പിറകെ കുര്‍ദുകള്‍ പ്രത്യാക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 20 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായി കുര്‍ദുകള്‍ അവകാശപ്പെട്ടു. അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ നടന്ന വ്യോമാക്രമണത്തില്‍ 390 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് തുര്‍ക്കിയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.