260 കുര്‍ദ് പാര്‍ട്ടിയംഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്തംബൂള്‍: തുര്‍ക്കിയിലും വടക്കന്‍ ഇറാഖിലും ഒരാഴ്ചയായി തുടരുന്ന തുര്‍ക്കിയുടെ വ്യോമാക്രമണത്തില്‍ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി(പി.കെ.കെ)യുടെ 260ഓളം അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നും നൂറിലധികം പേര്‍ക്ക് പരിക്കുപറ്റിയെന്നും റിപ്പോര്‍ട്ട്. തുര്‍ക്കി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി ‘അനത്തോളിയ’ യാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പരിക്കുപറ്റിയവരില്‍ കുര്‍ദ് അനുകൂല സംഘടന പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്.ഡി.പി) നേതാവ് സലാഹുദ്ദീന്‍ ദെമിര്‍താസിന്‍െറ സഹോദരന്‍ നൂറുദ്ദീന്‍ ദെമിര്‍താസുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം 25 യുദ്ധവിമാനങ്ങള്‍ പി.കെ.കെയുടെ 65 ഇടങ്ങള്‍ തകര്‍ത്തിരുന്നു. വ്യാഴാഴ്ചത്തെ ശക്തമായ ആക്രമണത്തില്‍ തുര്‍ക്കിയുടെ 80 വിമാനങ്ങള്‍ നൂറിലധികം പി.കെ.കെ ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു.
അതേസമയം, തുര്‍ക്കി സര്‍ക്കാര്‍ ഇതുവരെ മരണസംഖ്യ പുറത്തുവിടാന്‍ തയാറായിട്ടില്ല. എന്നാല്‍, കുര്‍ദുകള്‍ക്ക് മേലെയുള്ള തുര്‍ക്കി യുദ്ധവിമാനങ്ങളുടെ നിലക്കാത്ത അലര്‍ച്ച പടിഞ്ഞാറന്‍ രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് വിവരം. കുര്‍ദുകളുമായുണ്ടാക്കിയ സമാധാന കരാര്‍ പൊളിക്കരുതെന്ന് ജര്‍മന്‍ വിദേശ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മേയര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.