അഫ്ഗാനില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി

കാബൂള്‍: അഫ്ഗാനിസ്താനില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി. രാജ്യത്ത് ഒരുദിവസത്തെ ദു$ഖാചരണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശിയാ ന്യൂനപക്ഷ വിഭാഗമായ ഹസാരകള്‍ നടത്തിയ റാലിക്കുനേരെയാണ് ചാവേറാക്രമണമുണ്ടായത്. 80 പേര്‍ കൊല്ലപ്പെടുകയും 230ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 ആക്രമണത്തിന് ഉത്തരവാദികളെ ശിക്ഷിക്കുമെന്ന് പ്രസിഡന്‍റ് അഷ്റഫ് ഗനി ഉറപ്പുനല്‍കി. 15 വര്‍ഷത്തിനിടെ രാജ്യത്തു നടക്കുന്ന രക്തരൂഷിത ആക്രമണമാണിത്. നമ്മുടെ പ്രിയപ്പെട്ടവരുടെ രക്തം ചിന്തിയവരെ ശിക്ഷിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു; അവര്‍ എവിടെ മറഞ്ഞിരുന്നാലും -ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ഗനി പറഞ്ഞു. ആക്രമണം നടന്ന ദെമാസങ് രക്തസാക്ഷികളുടെ ചത്വരമെന്ന പേരിലറിയപ്പെടും.
പ്രതിഷേധക്കാരുടെ മാംസക്കഷണങ്ങളും ഐഡന്‍റിറ്റികാര്‍ഡുകളും ബാനറുകളും ചെരിപ്പുകളും ആക്രമണം നടന്ന സ്ഥലത്ത് ചിതറിക്കിടന്നിരുന്നു. രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഐ.എസ് തീവ്രവാദികളെ നാറ്റോ സേനയുടെ സഹായത്തോടെ പരാജയപ്പെടുത്തിയെന്നാണ് നേരത്തേ അശ്റഫ് ഗനി അവകാശപ്പെട്ടത്. രാജ്യത്ത് ശക്തമായ വേരോട്ടമുള്ള താലിബാന്‍ ശനിയാഴ്ചത്തെ ആക്രമണത്തില്‍ പങ്കില്ളെന്ന് വെളിപ്പെടുത്തിയിരുന്നു. നാലു മണിക്കൂര്‍ നീണ്ട പ്രതിഷേധ റാലി അവസാനിക്കാറായപ്പോള്‍ സ്ഫോടകവസ്തുക്കള്‍ ശരീരത്തില്‍ വെച്ചുകെട്ടിയ രണ്ടു ചാവേറുകള്‍ ജനക്കൂട്ടത്തിനിടയിലേക്ക് നുഴഞ്ഞുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. അന്വേഷണത്തിന് അഫ്ഗാന്‍ സര്‍ക്കാറിന് യു.എസ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനില്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും പ്രതിഷേധറാലികള്‍ നടത്തുന്നതും ആഭ്യന്തരമന്ത്രാലയം 10 ദിവസത്തേക്ക് നിരോധിച്ചു. ആക്രമണത്തില്‍ കാണാതായവര്‍ക്കായി ബന്ധുക്കള്‍ ഞായറാഴ്ചയും തിരച്ചില്‍ തുടര്‍ന്നു. സമാധാന പ്രതിഷേധറാലിക്കു നേരെ നടന്ന അക്രമത്തെ  യുദ്ധക്കുറ്റമെന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്.
കുറ്റം ചെയ്തവരെ നിയമപരമായി ശിക്ഷിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.  മധ്യ അഫ്ഗാനില്‍ കഴിയുന്ന ഹസാരകള്‍ക്കെതിരെ വര്‍ഷങ്ങളായി വിവേചനം നിലനില്‍ക്കുകയാണ്. തൊണ്ണൂറുകളില്‍ അഫ്ഗാന്‍-താലിബാന്‍ യുദ്ധത്തിനിടെ നിരവധി പേര്‍ പാകിസ്താന്‍, ഇറാന്‍, തജികിസ്താന്‍ എന്നീ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. വര്‍ഷങ്ങളായി തുടരുന്ന അവഗണനയില്‍ സര്‍ക്കാറിനെതിരെ ഹസാരകള്‍ രോഷാകുലരായിരുന്നു. മംഗോളിയയില്‍നിന്നും മധ്യേഷ്യയില്‍നിന്നും വന്ന പരമ്പരയാണ് അഫ്ഗാനിലെ മൂന്നാമത്തെ വംശീയ വിഭാഗമായ ഹസാരകള്‍. അഫ്ഗാന്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും ഈ ന്യൂനപക്ഷ പരമ്പര. ഏതാണ്ട് ആറുലക്ഷം ഹസാരകള്‍ പാകിസ്താനില്‍ കഴിയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.