????? ????? ???????

മാവോയിസ്റ്റ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചു; നേപ്പാളില്‍ ഭരണ പ്രതിസന്ധി

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും സി.പി.എന്‍ (മാവോയിസ്റ്റ് സെന്‍റര്‍) പാര്‍ട്ടിയുടെ ചെയര്‍മാനുമായ പുഷ്പ കമല്‍ പ്രചണ്ഡ സഖ്യ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ, കെ.പി. ഓലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ഓലി താഴെയിറങ്ങേണ്ടിവരുമെന്നാണ് കരുതുന്നത്. പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസുമായി ചേര്‍ന്ന് പുതിയ സര്‍ക്കാറിന് രൂപം നല്‍കുമെന്ന് പ്രചണ്ഡ പറഞ്ഞു. ഓലിക്കെഴുതിയ കത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ മന്ത്രിമാര്‍ ഉടന്‍ രാജിവെക്കുമെന്ന് സി.പി.എന്‍ വക്താവ് കൃഷ്ണ ബഹാദൂര്‍ മഹാര അറിയിച്ചു. 2015 ഒക്ടോബറിലാണ് മാവോയിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ തലവന്‍കൂടിയായ ഓലി പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

രാജ്യത്തെ പുതിയ ഭരണഘടനക്കു കീഴിലുള്ള ആദ്യത്തെ പ്രധാനമന്ത്രികൂടിയാണ് അദ്ദേഹം. സര്‍ക്കാര്‍ രൂപവത്കരണത്തിനുശേഷം, ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ കരാറുകള്‍ പാലിക്കുന്നതില്‍ ഓലി പരാജയപ്പെട്ടതാണ് എട്ടുമാസത്തെ കൂട്ടുകക്ഷി ഭരണത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള പ്രധാന കാരണമെന്ന് പ്രചണ്ഡ പറഞ്ഞു. കഴിഞ്ഞ മേയില്‍ ഒമ്പതിന കരാറുകള്‍ക്ക് ഇരു പാര്‍ട്ടി നേതാക്കളും അംഗീകാരം നല്‍കിയിരുന്നു. നേതൃമാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന കരാറില്‍നിന്ന് പ്രധാനമന്ത്രി ഏകപക്ഷീയമായി പിന്‍വാങ്ങിയെന്ന് പ്രചണ്ഡ ആരോപിച്ചു. ഒന്നര വര്‍ഷം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പുവരെ അധികാരത്തില്‍ തുടരാനാണ് ഓലിയുടെ പദ്ധതി. ഇത് അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം തുറന്നടിച്ചു.പുതിയ ബജറ്റിനുശേഷം, അധികാരം പ്രചണ്ഡക്ക് കൈമാറണമെന്നായിരുന്നു ധാരണ.

ഇതില്‍നിന്ന്  പിന്നാക്കം പോയതാണ് ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് കരുതുന്നത്. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ സി.പി.എന്‍ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ ചര്‍ച്ചചെയ്തിരുന്നു. പ്രചണ്ഡയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് സി.പി.എന്നിന്‍െറ നീക്കം. ഇതിന് നേപ്പാളി കോണ്‍ഗ്രസിന്‍െറ പിന്തുണയുണ്ട്. ദേശീയ സമവായത്തിലൂടെ പുതിയ സര്‍ക്കാറിന് രൂപംനല്‍കുമെന്നാണ് ഓലിക്കെഴുതിയ കത്തില്‍ പ്രചണ്ഡ പറയുന്നത്. മദേശി പ്രശ്നം ഉള്‍പ്പെടെ രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ഈ സമവായത്തിലൂടെ മാത്രമേ സാധിക്കൂവെന്നും പ്രചണ്ഡ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.