യു.എന്നില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചതിന് നവാസ് ശരീഫിനെതിരെ കോടതിയലക്ഷ്യം

ഇസ്ലാമാബാദ്:  ഉര്‍ദു ഒൗദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്ന പാക്സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി യു.എന്നില്‍ ഇംഗ്ളീഷില്‍ പ്രസംഗിച്ചതിന് പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ കോടതിയലക്ഷ്യ കേസ്. സെപ്റ്റംബറില്‍ ഉര്‍ദു ഒൗദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിന്‍െറ ഭാഗമായി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇംഗ്ളീഷ് ഭാഷക്കു പകരം ഉര്‍ദു ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ശരീഫ് ഇംഗീഷില്‍ പ്രസംഗിച്ചത് കോടതിയുത്തരവിനെ ധിക്കരിക്കുന്നതിനു തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരനായ സാഹിത് ഗനി കോടതിയെ സമീപിച്ചത്്.

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ക്യൂബന്‍ പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ, ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി, യുക്രെയ്ന്‍ പ്രസിഡന്‍റ് പെട്രോ പൊറോഷെങ്കോ എന്നീ രാഷ്ട്രനേതാക്കളെല്ലാം യു.എന്നില്‍ അഭിസംബോധന ചെയ്തത് അവരുടെ ഒൗദ്യോഗിക ഭാഷയിലാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി നിര്‍ദേശം ലംഘിക്കുകവഴി നവാസ് ശരീഫിനെതിരെ 204ാം അനുഛേദപ്രകാരം കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ആവശ്യമുണ്ട്. ഇതാദ്യമായല്ല പാക് പ്രധാനമന്ത്രി കോടതിയലക്ഷ്യത്തിന് പ്രതിക്കൂട്ടിലാവുന്നത്. 2012 ഏപ്രില്‍ 26ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന യൂസുഫ് റസാ ഗീലാനിയെ കോടതിയലക്ഷ്യക്കേസിന് സുപ്രീംകോടതി പ്രതീകാത്മകമായി ശിക്ഷിച്ചിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.