അതിര്‍ത്തിയില്‍ ഈയിടെ നടന്നുകൊണ്ടിരിക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ പാകിസ്താന്‍െറ ഉറക്കംകെടുത്തിക്കൊണ്ടിരിക്കുന്നു. ശിവസേനയും ആര്‍.എസ്.എസും ബജ്റംഗ്ദളും അടക്കമുള്ള തീവ്രസംഘടനകളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നമെന്ന് പാകിസ്താനിലെ സോഷ്യല്‍മീഡിയകളും വാര്‍ത്താചാനലുകളും പൊതുജനങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. നാമിപ്പോള്‍ ഇന്ത്യയുടെ ഭാഗമാണെങ്കില്‍ തീര്‍ച്ചയായും ഹിന്ദു തീവ്രവാദികളുടെ കൈകൊണ്ട് കൊല്ലപ്പെട്ടേനേയെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.
ഇന്ത്യയില്‍ പാക് സംഗീതജ്ഞരുടെ ഗസലുകള്‍ ശിവസേന ഇടപെട്ട് റദ്ദാക്കുന്നതിലൂടെ തെളിയുന്നത് ഹിന്ദു തീവ്രവാദികളുടെ നിലക്കാത്ത അസഹിഷ്ണുതയാണെന്ന് പാകിസ്താനിലെ വലിയൊരു വിഭാഗവും ധരിച്ചുവെച്ചിരിക്കുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് കറാച്ചി ഇന്‍റര്‍നാഷനല്‍ ബുക്ഫെയറില്‍ ഇറാനിയന്‍ പുസ്തകശാലക്ക് താഴിട്ട അഹ്ലെ സുന്നത്ത് വല്‍ ജമാഅത്ത് എന്ന മുസ്ലിം തീവ്രവാദ സംഘടനയുടെ ചെയ്തിയില്‍ അസഹിഷ്ണുതയുടെ മുഖം എന്തുകൊണ്ട് അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല? വിദേശികള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ളെന്നാണ് ആസ്ട്രേലിയന്‍ ദമ്പതികള്‍ ടാറ്റൂ പ്രശ്നത്തിന്‍െറ പേരില്‍ മര്‍ദിക്കപ്പെട്ട സംഭവം വിരല്‍ചൂണ്ടുന്നതെന്ന് പാക്ജനത നിരുപാധികം വിശ്വസിക്കുന്നു. അതേസമയം, നങ്കാ പര്‍ബതില്‍ താലിബാന്‍ തീവ്രവാദികള്‍ വിനോദസഞ്ചാരികളായത്തെിയ ഒമ്പതു വിദേശികളെ കൊലപ്പെടുത്തിയ സംഭവം ഇതുമായി കൂട്ടിച്ചേര്‍ത്തുവായിക്കാന്‍ എന്തുകൊണ്ട് അവര്‍ക്ക് കഴിയുന്നില്ല. മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ശിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനവേളയില്‍ സുധീന്ദ്രനാഥ് കുല്‍കര്‍ണിയുടെ മുഖത്ത് കരിമഷി ഒഴിച്ച സംഭവം ഹിന്ദുതീവ്രവാദികള്‍ നടത്തിയ അക്ഷന്തവ്യമായ കുറ്റമാണ്. എന്നാല്‍, പാക് തീവ്രവാദികള്‍ ലാല്‍ മസ്ജിദില്‍നിന്ന് ചൈനീസ് സ്വദേശികളെ തട്ടിക്കൊണ്ടുപോയ സംഭവം സ്വീകാര്യമാകുന്നത് ഏതു രീതിയിലാണ്? ശിവസേനയെ ഭയന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍നിന്ന് പിന്മാറിയ സംഭവം ഭാരത സര്‍ക്കാറിന് വലിയ നാണക്കേടുണ്ടാക്കി. അതേസമയം, നിരപരാധികളെ കൊന്നൊടുക്കുന്ന മതതീവ്രവാദ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് പാകിസ്താന് മാനക്കേടുണ്ടാക്കുന്നില്ല?
ദാദ്രിയില്‍ മുസ്ലിംകളെ ഹിന്ദുക്കള്‍ ആക്രമിക്കുന്നത് ഇന്ത്യന്‍ പൊലീസ് കൈയുംകെട്ടി നോക്കിനില്‍ക്കുന്നു എന്നാണ് മറ്റൊരു ആരോപണം. എന്നാല്‍, പാകിസ്താനില്‍ ക്രിസ്ത്യന്‍ ദമ്പതിമാരെ മുസ്ലിംകള്‍ അടിച്ചുകൊന്ന സംഭവത്തില്‍ പാക്പൊലീസ് നിസ്സംഗത പാലിച്ചത് ആരും കണ്ടില്ല.
ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ അവരെ നിയന്ത്രിക്കണമെന്ന് രാജ്യത്തോട് ആവശ്യപ്പെടുമ്പോള്‍, പാകിസ്താനില്‍ മുസ്ലിം തീവ്രവാദികളുടെ അത്തരം ചെയ്തികള്‍ക്ക് തടയിടണമെന്ന് അവിടെയുള്ള ആരും പറയാറില്ല. പറഞ്ഞുവരുന്നത് മതഭ്രാന്തിന്‍െറയും അസഹിഷ്ണുതയുടെയും ഒഴുക്ക് സൃഷ്ടിക്കുന്ന കാര്യത്തില്‍ ഹിന്ദു തീവ്രവാദികളും മുസ്ലിം തീവ്രവാദികളും ഒരേ നാണയത്തിന്‍െറ ഇരു വശങ്ങളാണ് എന്നാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തില്‍ നടക്കുന്ന അക്രമങ്ങള്‍ ഊതിപ്പെരുപ്പിക്കുമ്പോള്‍ മതത്തിന്‍െറ പേരില്‍ മനുഷ്യത്വവും സമാധാനം തകര്‍ക്കുന്ന അക്രമങ്ങള്‍ ഇരുപക്ഷവും വളര്‍ത്തുന്നുണ്ടെന്നു മാത്രം മനസ്സിലാക്കിയാല്‍ കൊള്ളാം. അത്തരം മനോഭാവത്തിന് മാറ്റം വരണം. ഇന്ത്യയില്‍ സമീപകാലത്തു നടക്കുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ മതതീവ്രവാദത്തിന്‍െറ ഉത്തമ ഉദാഹരണങ്ങളാണ്. തീര്‍ച്ചയായും അത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. രാഷ്ട്രങ്ങളുടെ പുരോഗതിക്കു തടസ്സമാകുന്ന മതതീവ്രവാദം തുടച്ചുമാറ്റുന്നതിന് കൂട്ടായ ശ്രമങ്ങളാണ് വേണ്ടത്. അല്ലാതെ മറുപക്ഷത്തെ അക്രമങ്ങളില്‍ വിലപിക്കുകയല്ല.
(പ്രമുഖ കോളമിസ്റ്റായ
ലേഖകന്‍ ഡോണിലെഴുതിയ ലേഖനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.