ഓണ്‍ലൈനിലൂടെ കിംവദന്തി: ചൈനയില്‍ 197 പേര്‍ക്ക് ശിക്ഷ

ബെയ്ജിങ്: ടിയാന്‍ജിന്‍ സ്ഫോടനത്തെ കുറിച്ചും ഓഹരിവിപണിയുടെ തകര്‍ച്ചയെക്കുറിച്ചും ഓണ്‍ലൈനിലൂടെ കിംവദന്തി പ്രചരിപ്പിച്ച 197പേരെ ചൈന ശിക്ഷിച്ചു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ശിക്ഷിക്കാനുള്ള ചൈനയുടെ പദ്ധതിയുടെ ഭാഗമായാണ് ഇത്രയുംപേരെ ശിക്ഷിച്ചതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ചൈനയില്‍ ഇന്‍റര്‍നെറ്റിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാന്‍ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ ശക്തമായ നടപടികളാണ് കൊണ്ടുവന്നിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരെ ഒതുക്കാനും ഇതിലൂടെ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ 165 ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ‘ഓഹരി ഇടിഞ്ഞതുകാരണം ഒരാള്‍ കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു’, ‘ടിയാന്‍ജിന്‍ സ്ഫോടനത്തില്‍ 1300 പേര്‍ മരിച്ചു’ തുടങ്ങിയ വ്യാജ വാര്‍ത്തകള്‍ ഓണ്‍ലൈനിലൂടെ പ്രചരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.