യമന്‍: സഖ്യകക്ഷി വ്യോമാക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു

സന്‍ആ: യമനിലെ തഇസ് പട്ടണത്തില്‍ സഖ്യകക്ഷികളുടെ വ്യോമാക്രമണത്തില്‍ 65 പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണെന്ന് യമനില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന മെഡിസിന്‍ സാന്‍സ് ഫ്രണ്ടിയേഴ്സ് (എം.എസ്.എഫ്) പറഞ്ഞു. ഏദന്‍ കീഴടക്കിയ ശേഷം സഖ്യകക്ഷികളുടെ പ്രധാന ആക്രമണ കേന്ദ്രമാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ള തഇസ്.

കഴിഞ്ഞ മൂന്നുദിവസമായി ഹൂതി വിമതര്‍ തഇസിനെതിരെ ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഹൂതി ആക്രമണങ്ങളില്‍ 13 കുട്ടികളുള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടതായി എം.എസ്.എഫ് അറിയിച്ചു. ഹൂതി ആക്രമണങ്ങള്‍ക്കെതിരായാണ് സഖ്യകക്ഷി ആക്രമണം. എന്നാല്‍, ജനവാസ മേഖലയിലാണ് ബോംബുകള്‍ വര്‍ഷിച്ചതെന്ന് സംഘടന ആരോപിച്ചു. ആക്രമണത്തില്‍ 17 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 33 ഹൂതി പോരാളികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കഴിഞ്ഞ ദിവസം യുനിസെഫ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ചില്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ 398 കുട്ടികള്‍ കൊല്ലപ്പെട്ടതായും 377 കുട്ടികളെ സൈനിക സേവനത്തിന് നിയോഗിച്ചതായും സൂചിപ്പിച്ചിരുന്നു. ശരാശരി എട്ട് കുട്ടികള്‍ ദിനേന കൊല്ലപ്പെടുകയോ അംഗവൈകല്യം വരുകയോ ചെയ്യുന്നുണ്ടെന്ന് യുനിസെഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റൊരു സംഭവത്തില്‍ സഖ്യകക്ഷികളുടെ ഹെലികോപ്ടര്‍ സൗദി അതിര്‍ത്തിയില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.