കൊളംബോ: ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുളള പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.നാലാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റനില്‍ വിക്രമസിംഗെ ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികളോട് വൈരം മറന്ന് യോജിച്ച് മുന്നേറാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കാലത്ത് സംഭവിച്ച മുറിവുകള്‍ ഉണക്കുന്നതിനും രാജ്യത്തിന്‍െറ പുരോഗതിക്കുമായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ചത്തെ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് ഏഴ് സീറ്റുകള്‍ കുറവാണ് വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിക്ക് (യു.എന്‍.പി) ലഭിച്ചത്. 225 അംഗ പാര്‍ലമെന്‍റില്‍ 106 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് യു.എന്‍.പി. എതിരായി മത്സരിച്ച മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ യുനൈറ്റഡ് പീപ്ള്‍സ് ഫ്രീഡം അലയന്‍സിന് (യു.പി.എഫ്.എ) 95 സീറ്റുകളും തമിഴ് നാഷനല്‍ അലയന്‍സിന് 16 സീറ്റുകളും ലഭിച്ചിരുന്നു. ചെറുകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് യു.എന്‍.പി ശ്രമിക്കുന്നത്. യു.പി.എഫ്.എയുടെ സിരിസേന അനുകൂല വിഭാഗം വിക്രമസിംഗെ സര്‍ക്കാറില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത 2^3 വര്‍ഷം തന്‍െറ നല്ല ഭരണം തുടരാനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് വിക്രമസിംഗെ അഭിപ്രായപ്പെട്ടു. ‘ആഗസ്റ്റ് 17ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ജനുവരി എട്ടിലെ വിപ്ളവത്തെ ഉറപ്പിച്ചുനിര്‍ത്തുന്നു’ ^കഴിഞ്ഞ ജനുവരിയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ സൂചിപ്പിച്ച് വിക്രമസിംഗെ പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊണ്ടായിരിക്കും സര്‍ക്കാര്‍ നയം രൂപവത്കരിക്കുകയും ഭരണം മുന്നോട്ട് കൊണ്ടുപോവുകയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിസഭയിലും പാര്‍ലമെന്‍റ് കമ്മിറ്റികളിലും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം നല്‍കാന്‍ ശ്രമിക്കുമെന്ന് വിക്രമസിംഗെ പറഞ്ഞു.
1993 ലാണ് വിക്രമസിംഗെ ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. 2002ല്‍ പ്രധാനമന്ത്രിയായ വിക്രമസിംഗെയാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറ്റിയത്. ഈ വര്‍ഷം ജനുവരിയില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയാണ് വിക്രമസിംഗെയെ മൂന്നാമത് പ്രധാനമന്ത്രിയായി നിയമിച്ചത്.
അതേസമയം, മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ പരാജയത്തില്‍ ചൈന നീരസം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ളോബല്‍ ടൈംസ് പത്രമാണ് ചൈനീസ് അനുകൂലിയായ രാജപക്സയുടെ പരാജയത്തില്‍ നീരസം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെ യൂറോപ്യന്‍ യൂനിയന്‍ അനുമോദിച്ചു. ജനങ്ങള്‍ക്ക് അവരുടെ താല്‍പര്യത്തിനനുസരിച്ച് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനായെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.